ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം; നാല് ദിവസമായി പുകയുന്ന തീയണയ്ക്കാന്‍ ശ്രമം

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം; നാല് ദിവസമായി പുകയുന്ന തീയണയ്ക്കാന്‍ ശ്രമം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ട് സ്ഥലത്തായിട്ടാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണക്കാനുള്ള ശ്രമം നടക്കുകയാണ്. നാല് യൂണിറ്റ് സ്ഥലത്തുണ്ട്.

ഉച്ചയ്ക്ക് 2.20 ന് പുഴയ്ക്ക് സമീപമാണ് ആദ്യ തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരുന്നുണ്ടായിരുന്നു. നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പുക അണയ്ക്കാന്‍ രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ 24 മണിക്കൂറും പ്ലാന്റില്‍ തുടര്‍ന്നിരുന്നു. ഇതിനിടെയാണ് തീ വ്യാപിച്ചത്.

കൊച്ചി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കര്‍ സ്ഥലത്താണ് ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ 2023 മാര്‍ച്ച് രണ്ടിനും ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തീ പടര്‍ന്നത്. അന്ന് ബ്രഹ്മപുരത്ത് നിന്ന് ഉയര്‍ന്ന പുക എറണാകുളത്തെ ജനജീവിതം ദുസഹമാക്കിയിരുന്നു.

പ്രളയത്തിന് ശേഷമാണ് ബ്രഹ്മപുരത്തെ മാലിന്യങ്ങള്‍ ഇത്രയും വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2618 ലോഡ് പ്രളയ മാലിന്യം തന്നെ എത്തിയതായാണ് കണക്ക്. പ്രളയം കഴിഞ്ഞപ്പോള്‍ കോട്ടയം മുനിസിപ്പാലിറ്റിയില്‍ നിന്നുപോലും മാലിന്യം ഇവിടെ എത്തിയിരുന്നു. ബ്രഹ്മപുരത്തെ 100 ഏക്കറില്‍ മുക്കാല്‍ പങ്കും മാലിന്യക്കൂമ്പാരമാണ്. ദിവസവും എത്തുന്ന നൂറു കണക്കിന് ടണ്‍ മാലിന്യങ്ങളില്‍ ജൈവ മാലിന്യം മാത്രമാണ് പ്ലാന്റില്‍ സംസ്‌കരിക്കുന്നത്.

2023 മാര്‍ച്ച് ആറിന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുക്കുക ഉണ്ടായി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തീപ്പിടിത്തത്തില്‍ വിവിധ വകുപ്പുകളോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തം ദിവസമായിട്ടും അണയ്ക്കാനായിട്ടില്ലെന്നും വിഷപ്പുക കൊണ്ട് ശ്വാസം മുട്ടുകയാണ് കൊച്ചി നഗരമെന്നും വിഷയത്തില്‍ ഇടപെടണമെന്നും കാണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്.

2023 ല്‍ ജില്ലയിലെ വായു മലിനീകരണത്തിന്റെ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ പല ആളുകളുകള്‍ക്കും ചുമ, ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട്, തലവേദന, ലക്കറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.