'കണ്ണൂരില്‍ നിന്ന് മത്സരിക്കാനില്ല'; അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതെന്ന് കെ. സുധാകരന്‍

'കണ്ണൂരില്‍ നിന്ന് മത്സരിക്കാനില്ല'; അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എഐസിസി സ്‌ക്രീനിങ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയത്.

അതേസമയം യോഗത്തിലെ തീരുമാനങ്ങള്‍ ന്യൂഡല്‍ഹിയിലെ കേന്ദ്ര അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. സിപിഎം സ്ഥാനാര്‍ത്ഥിയായി എം.വി ജയരാജന്‍ മത്സരിക്കുന്നതിനാല്‍ കണ്ണൂരില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. അതിനാല്‍ തന്നെ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കട്ടേയെന്ന വികാരമാണ് യോഗത്തിലുണ്ടായത്.

മണ്ഡലത്തില്‍ സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ പകരം കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്തിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വിവരങ്ങള്‍ ഉണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹരീഷ് ചൗധരി ചെയര്‍മാനായ സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവരും പങ്കെടുത്തു.

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് എത്രയും വേഗം തീരുമാനമുണ്ടാകും. സുധാകരന്‍ മത്സരിക്കില്ലെന്ന പ്രചാരണത്തെ സംബന്ധിച്ച് പ്രതികരണത്തിനില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.