പൂക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രോ ചാന്‍സലറായ മന്ത്രി ജെ. ചിഞ്ചുറാണി. രാഷ്ട്രീയം നോക്കാതെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സിദ്ധാര്‍ത്ഥിന്റെ വീട് സന്ദര്‍ശിക്കും. സംഭവത്തില്‍ എസ്.എഫ് ഐ പ്രവര്‍ത്തകരടക്കം മൂന്ന് പേര്‍ ഇന്നലെ രാത്രി പൊലീസില്‍ കീഴടങ്ങിയിരുന്നു. എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, കോളജ് യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, സംഭവത്തില്‍ പങ്കുള്ള മറ്റൊരു യുവാവുമാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. മുഖ്യ ആസൂത്രകന്‍ അഖിലിനെ (28) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി എട്ട് പേരാണ് പിടിയിലാകാനുള്ളത്.
ഈ മാസം 18 നാണ് രണ്ടാം വര്‍ഷ ബിവിഎസ്‌സി വിദ്യാര്‍ത്ഥി നെടുമങ്ങാട് വിനോദ് നഗര്‍ കുന്നുംപുറത്ത് പവിത്രത്തില്‍ സിദ്ധാര്‍ത്ഥിനെ (21) ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 16 ന് രാത്രി കോളജ് ഹോസ്റ്റലിന്റെ നടുത്തളത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥിനെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദിച്ചിരുന്നു. വയറ്റില്‍ ചവിട്ടുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്തു. രണ്ട് ബെല്‍റ്റ് പൊട്ടും വരെ അടിച്ചു. മര്‍ദ്ദനത്തിന് ശേഷം മുറിയില്‍ പൂട്ടിയിട്ട് നിരീക്ഷിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പും നല്‍കി.
അടുത്ത ദിവസവും മര്‍ദ്ദനം തുടര്‍ന്നു. കൂട്ടുകാര്‍ക്ക് മുന്നിലിട്ടുള്ള മര്‍ദ്ദനത്തോടെ സിദ്ധാര്‍ത്ഥ് മാനസികമായി തകര്‍ന്നിരുന്നു. 18 ന് രാവിലെ കുളിക്കാനെന്ന് പറഞ്ഞാണ് കുളിമുറിയില്‍ കയറിയത്. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിദ്ധാര്‍ത്ഥിന്റെ കുടുംബം. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹിയുള്‍പ്പെടെ യഥാര്‍ത്ഥ കുറ്റവാളികളെ പ്രതിചേര്‍ത്തിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.