ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. രാജമലയില്‍ നിലയുറപ്പിച്ച കാട്ടാന തമിഴ്‌നാട് സര്‍ക്കാര്‍ ബസിന്റെ ചില്ല് തകര്‍ത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആന ഇപ്പോള്‍ വനത്തിനുള്ളിലാണെന്നാണ് വനം വകുപ്പ് പറയുന്നത്.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് പ്രദേശത്ത് പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മൂന്നാര്‍ - മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ആന കാറും ബൈക്കും തകര്‍ത്തിരുന്നു. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത്.
മൂന്നാര്‍ സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. തേയിലക്കാട്ടിനുള്ളില്‍ മറ്റ് രണ്ട് ആനകള്‍ നില്‍ക്കുന്നത് കണ്ട് ഫോട്ടോയെടുക്കാന്‍ വണ്ടി നിര്‍ത്തിയതായിരുന്നു. ഇതിനിടയിലാണ് പടയപ്പ എത്തിയത്. ആന കൊമ്പുകൊണ്ട് കാറില്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് കാറിന്റെ മുകള്‍ വശം തകര്‍ന്നിരുന്നു.