സിദ്ധാർത്ഥന്റെ ദുരൂഹ മരണം; എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുന്നു: വി ഡി സതീശൻ

സിദ്ധാർത്ഥന്റെ ദുരൂഹ മരണം; എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുന്നു: വി ഡി സതീശൻ

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തില്‍ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസിനെ അട്ടിമറിക്കാനാണ് പൊലീസിന്‍റെ ശ്രമം. വിദ്യാർത്ഥി സംഘടനകളുമായി ബന്ധപ്പെട്ട വിഷയം അല്ല എന്ന് പറയുന്നത് എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള പൊലീസിന്‍റെ ഹീനശ്രമം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിപിഐഎം സംഘടനയിൽ പെട്ട അധ്യാപകർ ഇതിന് കൂട്ടുനിന്നു. ഇത്രയും ക്രൂരമർദ്ദനം നടന്നിട്ടും അധികൃതര്‍ അറിഞ്ഞിട്ടില്ല എന്നു പറഞ്ഞാൽ അവരുടെ ജോലി എന്താണ്? സംഭവത്തില്‍ സർവകലാശാല ഡീനെ പ്രതിയാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

വിദ്യാർഥികളെ ഭീഷണിപ്പെടുത്തി നടന്ന സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞത് ഡീൻ ആണ്. ഡീനിന്റെയും അധ്യാപകരുടെയും പങ്ക് പുറത്തുകൊണ്ടുവരണം. തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ക്യാമ്പസുകളിലേക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. എസ്എഫ്ഐ ക്രിമിനലുകളെ ഒതുക്കി ഇല്ലെങ്കിൽ അതിശക്തമായ സമരം തുടരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.