പിൻവലിച്ച രണ്ടായിരം രൂപ നോട്ടിൽ 97.62 ശതമാനം തിരിച്ചെത്തി; ബാക്കിയായത് 8,470 കോടിയുടെ നോട്ടുകൾ

പിൻവലിച്ച രണ്ടായിരം രൂപ നോട്ടിൽ 97.62 ശതമാനം തിരിച്ചെത്തി; ബാക്കിയായത് 8,470 കോടിയുടെ നോട്ടുകൾ

ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ടിന്റെ കാലം രാജ്യത്ത് അവസാനിക്കുന്നു. പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ 97.62 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് അറിയിക്കുന്നു. ഇനി റിസർവ് ബാങ്കിൽ തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകൾ മാത്രമാണ്. കഴിഞ്ഞ ദിവസം വരെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്.

2023 മെയ് 19 ന് ആയിരുന്നു 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. ക്ലീൻ നോട്ട് പോളിസി പ്രകാരമായിരുന്നു റിസർവ് ബാങ്കിന്റെ തീരുമാനം. എന്നാൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളുടെ നിയമ പ്രബല്യം തുടരും. 2016ലെ നോട്ടു നിരോധനത്തിന് പിന്നാലെയാണ് 2000രൂപ നോട്ട് വിനിമയത്തിൽ വരുന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച ശേഷമായിരുന്നു 2000ന്റെ കറൻസി റിസർവ് ബാങ്ക് പുറത്തിറക്കിയത്. രണ്ടായിരം രൂപ നോട്ടിന്റെ വ്യജ പതിപ്പ് വ്യാപകമായി പിടികൂടിയതും ചില്ലറയാക്കാൻ ഏറെ പ്രയാസം നേരിട്ടതും കേന്ദ്ര സർക്കാരിന് നോട്ടിനോടുള്ള താൽപര്യം കുറയാൻ കാരണമായി. ഇതിന് പിന്നാലെയാണ് നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് നടപടി ആരംഭിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.