ബംഗളൂരു: രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനത്തിന് 2022 ലെ മംഗളൂരു സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സൂചന. രണ്ട് സ്ഫോടനങ്ങളിലും ഒരേ തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സ്ഫോടനങ്ങളുടെയും മാതൃകയും ഒന്നുതന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
രണ്ട് സ്ഫോടനങ്ങളിലെയും ബോംബുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചവയാണ്. രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവും ഐഇഡി സ്ഫോടനമാണെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ഈ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമേശ്വരം കഫേയിലെത്തിയ ആളാണ് ബാഗ് വച്ച ശേഷം ഓടിയത്. ഈ ബാഗില്‍ ഐഇഡി ഉണ്ടായിരുന്നു. ഇതാണ് പിന്നീട് പൊട്ടിത്തെറിച്ചത്.
രാമേശ്വരം കഫേ സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ മംഗളൂരു സ്ഫോടനത്തിന് ഉപയോഗിച്ചതിന് സമാനമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്. ടൈമറുകളും മറ്റ് കാര്യങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മംഗളൂരു, ശിവമോഗ പൊലീസാണ് ഇവിടെ അന്വേഷണം നടത്തുന്നതെന്നും ഈ ഐഇഡി പ്രാദേശികമായി തയ്യാറാക്കിയതാണെന്നുമാണ് ശിവകുമാര്‍ പറഞ്ഞത്.
രാമേശ്വരം കഫേയിലും മംഗളൂരു സ്ഫോടനത്തിലും പ്രതികള്‍ ഡിറ്റണേറ്ററായി ഉപയോഗിച്ചത് ബള്‍ബ് ഫിലമെന്റാണ്. ഇത് മാത്രമല്ല, രണ്ട് സ്‌ഫോടനങ്ങളിലും ഡിജിറ്റല്‍ ടൈമറുകളും ബാറ്ററികളും തുല്യമായി ഉപയോഗിച്ചിരുന്നു. സംഭവത്തില്‍ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ധാര്‍വാഡ്, ഹുബ്ലി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.