മാനന്തവാടി: പൂക്കോട് വെറ്റിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം ചുമത്താൻ പൊലീസ്. ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചതായും മർദനത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും പൊലീസ് അറിയിച്ചു.
വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മർദനത്തിന് മുമ്പും ഗൂഢാലോചന നടന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. റിമാൻഡ് റിപ്പോർട്ട് വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം കാണിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. സിദ്ധാർത്ഥന് ഏറ്റ മർദനം കണക്കിലെടുത്ത് കൊലപാതക കുറ്റം കൂടി ചുമത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയ സിദ്ധാർത്ഥൻ 16 ന് പകൽ തങ്ങിയത് ഹോസ്റ്റലിലായിരുന്നു. സ്‌പോർട്‌സ് ഡേ ആയതിനാൽ ഹോസ്റ്റലിൽ ആരും ഉണ്ടായിരുന്നില്ല. രാത്രി ഒമ്പത് മണിയോടെ സിദ്ധാർത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയി. ഡാനിഷും രഹാൻ ബിനോയിയും അൽത്താഫും ചേർന്നാണ് സിദ്ധാർത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയത്.
കുന്നിന് സമീപത്ത് വെച്ച് സഹപാഠിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മർദിച്ചു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും മർദനവും നീണ്ടതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെത്തിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽ എത്തിച്ച് ചോദ്യം ചെയ്യലും മർദനവും തുടർന്നു. ഇവിടെവെച്ച് ഗ്ലൂഗൺ വയർ ഉപയോഗിച്ച് സിൻജോ ജോൺസൺ നിരവധി തവണ സിദ്ധാർത്ഥനെ അടിച്ചു.
തുടർന്ന് സിദ്ധാർത്ഥന്റെ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി മർദിച്ചു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്തേക്ക് അടിവസ്ത്രത്തിൽ സിദ്ധാർത്ഥനെ എത്തിച്ചു. പുലർച്ചെ ഒന്നേമുക്കാൽ മണിക്കൂർ വരെ മർദനം നീണ്ടു. മുറിയിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തട്ടിവിളിച്ച് മർദിക്കുന്നത് കാണാൻ വിളിച്ചു.
ഏറ്റവും സീനിയറായ വിദ്യാർത്ഥി കട എന്ന അഖിൽ പുലർച്ചെ എത്തിയപിന്നാലെ സിദ്ധാർത്ഥനെ ഒറ്റയടി അടിച്ചു. തുടർന്ന് ആളുകളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും സഹപാഠികളോട് സിദ്ധാർത്ഥനെ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ക്രൂരമായ വേട്ടയാടലിൽ മനംനൊന്താണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.