തിരുവനന്തപുരം: അര്‍ധ രാത്രിയില്‍ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലാണ് ഒന്നാംപ്രതി. അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയിലുണ്ട്. കണ്ടാല്‍ അറിയുന്ന 50 പേരെ കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് വിവരം.
അനധികൃതമായി സംഘംചേരല്‍, റോഡ് ഉപരോധിക്കല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍ എന്നിവക്കെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്. തിരുവനന്തപുരം കണ്ടോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍, കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് എന്നിവര്‍ നടത്തുന്ന നിരാഹാര സമരം പുരോഗമിക്കുകയാണ്. പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐ അന്വേഷിക്കുക, വെറ്റിനറി സര്‍വകലാശാല ഡീനിനെയും ഉത്തരവാദികളായ അധ്യാപകരെയും പിരിച്ചുവിട്ടു കേസില്‍ പ്രതി ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് ഇന്ന് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും മാര്‍ച്ച് നടത്തും.
അതേസമയം വെറ്ററിനറി സര്‍വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കെഎസ്യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദാണ്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, സര്‍വകലാശാലാ തല പരീക്ഷകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.