കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
മോന്‍സണ്‍ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ച് വെച്ചുവെന്നും തട്ടിപ്പിന് വേണ്ടി സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.
25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ കെ. സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 406, 120 ബി വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപ്പത്രം സമര്‍പ്പിച്ചത്.
ജൂണില്‍ ക്രൈം ബ്രാഞ്ച് കെ. സുധാകരനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കെ. സുധാകരനെ ചോദ്യം ചെയ്തിരുന്നു.
2018 ല്‍ സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നല്‍കിയിരുന്നത്. പണം വാങ്ങുന്നത് കണ്ടുവെന്ന് മോന്‍സന്റെ മുന്‍ ജീവനക്കാരന്‍ ജിന്‍സണും മൊഴി നല്‍കിയിരുന്നു. മോന്‍സണില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരന്‍ നേരത്തെ തള്ളിയിരുന്നു.