കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിന് കാരണം സാങ്കേതിക തകരാറെന്ന പച്ചക്കള്ളമാണ് ധനകാര്യ മന്ത്രി ആവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഫെബ്രുവരി 29 ന് നികുതി വിഹിതമായി കേന്ദ്രത്തില്‍ നിന്നും 4,000 കോടി ലഭിച്ചിരുന്നു. 3800 കോടി ഓവര്‍ഡ്രാഫ്റ്റ് ആയതിനാല്‍ ഖജനാവില്‍ ബാക്കിയുണ്ടായത് 200 കോടി മാത്രം. പണം ഇല്ലാത്തതു കൊണ്ടാണ് സെര്‍വര്‍ തകരാറാണെന്ന പ്ലാന്‍ ബി സര്‍ക്കാര്‍ പുറത്തെടുത്തത്. പണം ഇല്ലാതെ ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ്. കെഎസ്ആര്‍ടിസി പോലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും തവണകള്‍ ആകുകയും മുടങ്ങുകയും ചെയ്യും. എന്നിട്ടാണ് സെര്‍വര്‍ തകരാറിലായെന്ന പച്ചക്കള്ളം പറയുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കെപിസിസി അധ്യക്ഷനെ ആദ്യം മൊഴി എടുക്കാന്‍ വിളിപ്പിച്ച് രഹസ്യമായി അറസ്റ്റ് ചെയ്യാനാണ് ശ്രമിച്ചത്. എന്നാല്‍ കോടതി ഇടപെട്ട് അത് തടഞ്ഞു. കെപിസിസി അധ്യക്ഷന് കേസില്‍ പങ്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കേസ് എടുത്തതിനെ നിയമപരമായി നേരിടും. കെ. സുധാകരനല്ല ഗൂഢാലോചന നടത്തിയത്. അദേഹത്തെ കേസില്‍ പ്രതിയാക്കുന്നതിന് വേണ്ടിയാണ് ഗൂഢാലോചന നടത്തിയതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.