'നൂറ് ശതമാനം വിജയമുറപ്പിക്കാന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിച്ചില്ല'; പരാതി നല്‍കി രക്ഷിതാക്കള്‍

'നൂറ് ശതമാനം വിജയമുറപ്പിക്കാന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിച്ചില്ല'; പരാതി നല്‍കി രക്ഷിതാക്കള്‍

പാലക്കാട്: നൂറ് ശതമാനം വിജയമുറപ്പിക്കാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊതുപരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് പരാതി. പാലക്കാട് ഒലവക്കോട് റെയില്‍വേ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. മോഡല്‍ എക്സാമില്‍ പരാജയപ്പെട്ട ഫിസിക്സ് പരീക്ഷക്ക് എത്തിയപ്പോഴാണ് ഹോള്‍ ടിക്കറ്റ് തടഞ്ഞുവച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി.

വിഷയത്തില്‍ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

മോഡല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറവായതിനാല്‍ 100 ശതമാനം വിജയമെന്ന നേട്ടത്തില്‍ നിന്ന് പുറകോട്ട് പോകേണ്ടി വരുമെന്ന ആശങ്കയില്‍ തന്നെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതി. ഹോള്‍ ടിക്കറ്റ് വാങ്ങിക്കാന്‍ രക്ഷിതാവിനൊപ്പം എത്തിയപ്പോള്‍ അസഭ്യ വാക്കുകള്‍ പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു.

മോഡല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെതുടര്‍ന്ന് പൊതുപരീക്ഷക്കായി നന്നായി പഠിച്ചിരുന്നതായാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഇതോടെ ഇനി സേ പരീക്ഷ മാത്രമേ വിദ്യാര്‍ത്ഥിക്ക് എഴുതാനാകൂ. ഒരു കുട്ടിക്കായി പരീക്ഷ വീണ്ടും നടത്താനാകില്ല. പക്ഷെ നീതി നിഷേധം ഉണ്ടായിട്ടുണ്ടെങ്കില്‍ ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ലാബ് പരീക്ഷക്ക് ഉള്‍പ്പെടുത്തിയ ശേഷമാണ് വിദ്യാര്‍ത്ഥിയെ എഴുത്ത് പരീക്ഷയില്‍ നിന്ന് മാറ്റിയത്. അതേസമയം വിഷയത്തില്‍ സ്‌കൂളിന്റെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ആരും തയ്യാറായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.