ചരിത്രകാരന്‍ ദലിത് ബന്ധു എന്‍. കെ ജോസ് അന്തരിച്ചു

ചരിത്രകാരന്‍ ദലിത് ബന്ധു എന്‍. കെ ജോസ് അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചരിത്രകാരന്‍ എന്‍. കെ ജോസ് (ദലിത് ബന്ധു) അന്തരിച്ചു. 94 വയസായിരുന്നു. കേരളത്തിലെ സബാള്‍ട്ടേണ്‍ ചരിത്ര ശാഖയ്ക്ക് ദലിത് ബന്ധു നല്‍കിയ സംഭാവനകള്‍ നിരവധിയാണ്.

പുന്നപ്ര- വയലാര്‍, വൈക്കം സത്യാഗ്രഹം, നിവര്‍ത്തന പ്രക്ഷോഭം, ക്ഷേത്ര പ്രവേശന വിളംമ്പരം, മലയാളി മെമ്മോറിയല്‍ തുടങ്ങി ആധുനിക കേരളത്തിലെ ചരിത്ര സംഭവങ്ങളെ ദലിത് പക്ഷത്ത് നിന്നും നോക്കിക്കാണുകയും പുനര്‍വായനകള്‍ നടത്തുകയും ചെയ്ത ദലിത് ബന്ധു നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു.

വൈക്കം താലൂക്കിലെ വെച്ചൂരില്‍ നമശിവായം എന്ന കുടുംബ പേരുള്ള കത്തോലിക്കാ കുടുംബത്തില്‍ 1929 ല്‍ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ചേര്‍ത്തല , ചങ്ങനാശേരി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തേവര സേക്രഡ് ഹാര്‍ട്ട്‌സ്, സെന്റ് ആല്‍ബര്‍ട്‌സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം.

ദളിത് പഠനങ്ങള്‍ക്കും ദളിത് ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് 1990 ല്‍ ദളിത് സംഘടനകള്‍ അദ്ദേഹത്തിന് ദലിത് ബന്ധു എന്ന ആദരനാമം നല്‍കി. പില്‍ക്കാലത്ത് അത് തന്റെ തൂലികാ നാമമാക്കുകയായിരുന്നു ജോസ്. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്.

ചാന്നാര്‍ ലഹള, പുലയ ലഹള, ക്ഷേത്ര പ്രവേശന വിളംബരം, വൈക്കം സത്യഗ്രഹം ഒരു പ്രഹേളിക, ശിപായി ലഹള ഒരു ദളിത് മുന്നേറ്റം, വേലുത്തമ്പി ദളവ,ദിവാന്‍ മണ്‍റൊ, അംബേദക്കര്‍, മഹാനായ അയ്യങ്കാളി, വൈകുണ്ഠ സ്വാമികള്‍, കേരള പരശുരാമന്‍, പുലയ ശത്രു, ക്രൈസ്തവ ദളിതര്‍, അംബേദ്ക്കറും മനുസ്മൃതിയും, ഗാന്ധി ഗാന്ധിസം ദളിതര്‍, ഗാന്ധി വധം ഒരു പുനര്‍വായന, വാല്‍മീകി ഒരു ബൗദ്ധനോ, കറുത്ത അമേരിക്ക, കറുത്ത കേരളം, ആദിമ കേരള ക്രൈസ്തവരുടെ ആരാധന ഭാഷ, അര്‍ന്നോസ് പാതിരി, കേരളത്തിലെ കത്തോലിക്ക അല്‍മായര്‍, ഭാരതത്തിലെ ക്രിസ്തു മതം, കേരളത്തിലെ സുറിയാനി സഭയുടെ ഉല്‍ഭവം, മാര്‍ തോമാ റോക്കാസ്, ജാതിക്ക് കര്‍ത്തവ്യന്‍ ഗീവര്‍ഗീസ്, സീറോ മലബാര്‍ കുര്‍ബാനയുടെ ചരിത്രം, കേരളത്തിലെ സുറീയാനി സഭയുടെ ഉല്‍ഭവം തുടങ്ങിയവ പ്രധാന കൃതികളാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.