'വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നത് മന്ത്രിമാരോ നേതാക്കളോ അല്ല'; പരിഹാസം നിറഞ്ഞ പ്രസ്താവനയുമായി ഇ.പി ജയരാജന്‍

'വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നത് മന്ത്രിമാരോ നേതാക്കളോ അല്ല'; പരിഹാസം നിറഞ്ഞ പ്രസ്താവനയുമായി ഇ.പി ജയരാജന്‍

കണ്ണൂര്‍: മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വന്യജീവികളെ പ്രകോപിപ്പിക്കുന്നത് ആളുകള്‍ അവസാനിപ്പിക്കണം. വന്യജീവി ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴാണ് ജയരാജന്റെ പരിഹാസം നിറഞ്ഞ പ്രസ്താവന.

വന്യജീവി അക്രമണം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജി വച്ച് പുറത്ത് പോകണമെന്നായിരുന്നു മാര്‍ ഇഞ്ചനാനിയില്‍ തുറന്നടിച്ചത്.

സഭാ നേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിന്റെ നിയമങ്ങള്‍ക്കെതിരെ ആണെന്നായിരുന്നു മാര്‍ ഇഞ്ചനാനിയുടെ പ്രസ്താവനയോട് ജയരാജന്റെ പ്രതികരണം.
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. ഇതിന് പുറമെ കോഴിക്കോടും തൃശൂരുമായി രണ്ട് പേര്‍ കൂടി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പ്രതിപക്ഷം സമരം ശക്തമാക്കി. ഇന്ന് വീണ്ടും സമാനമായൊരു വാര്‍ത്ത കൂടി വന്നിരുന്നു. മലപ്പുറത്ത് കാട്ടുപന്നി വട്ടം ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചത് ഇന്ന് വാര്‍ത്തയായിരുന്നു.

ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ കേരളത്തില്‍ വര്‍ധിച്ച് വരുന്ന വന്യമൃഗ ശല്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഈ സംഭവങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നാണ് സിപിഎമ്മിന്റെ കുറ്റപ്പെടുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.