വത്തിക്കാന്‍ സിറ്റി: നോമ്പ് കാലഘട്ടത്തില്‍ ഒരു ദിവസം മുഴുവന്‍ കര്‍ത്താവിന്റെ കൂടെയായിരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ഈ വര്‍ഷവും. പതിനൊന്ന് വര്‍ഷമായി തുടര്‍ന്നു വരുന്ന നോമ്പുകാലത്തെ പ്രാര്‍ത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂര്‍ 'കര്‍ത്താവിനായി 24 മണിക്കൂര്‍' എന്ന പ്രാര്‍ത്ഥനാചരണം മാര്‍ച്ച് എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. നോമ്പ് കാലത്തെ നാലാമത്തെ ഞായറാഴ്ചയോടനുബന്ധിച്ചാണ് ഓരോ വര്‍ഷവും ഇത് ആചരിക്കുന്നത്.
'പുതുജീവിതത്തിലേക്കു നടക്കുക' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥന മണിക്കൂറുകള്‍ കടന്നു പോകുന്നത്. പതിവുപോലെ ഇത്തവണയും റോമിലെ വിശുദ്ധ പിയൂസ് അഞ്ചാമന്റെ നാമത്തിലുള്ള ഇടവകയിലാണ് പാപ്പ വെള്ളിയാഴ്ച വൈകുന്നേരം തിരുക്കര്‍മ്മങ്ങള്‍ നടത്തുക. അന്നേ ദിവസം ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ കുമ്പസാരിപ്പിക്കും.
വെള്ളിയാഴ്ച വൈകീട്ട് തുടങ്ങി ശനിയാഴ്ച ദിവസം മുഴുവന്‍ പള്ളികള്‍ തുറന്നിടാനും വിശ്വാസികള്‍ക്ക് ആരാധനയ്ക്കും കുമ്പസാരത്തിനുമുള്ള സൗകര്യമൊരുക്കാനും വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ 'കര്‍ത്താവിനായുള്ള 24 മണിക്കൂര്‍' ജൂബിലിക്ക് ഒരുക്കമായുള്ള പ്രാര്‍ത്ഥനാ വര്‍ഷത്തിന്‍ വരുന്നതിനാല്‍ പ്രാര്‍ത്ഥനയ്ക്കും അനുരഞ്ജനത്തിനുമുള്ള അവസരമായിരിക്കുമെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.