ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലകളിലെ വിസ നടപടികൾ ഏകീകരിക്കാനായി. ‘വർക്ക് ബണ്ട്ൽ’ എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം. ദുബായ് എമിറേറ്റിലാണ് ‘വർക്ക് ബണ്ട്ൽ’ ആദ്യം നടപ്പിലാക്കുക. പിന്നാലെ മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. 2,75000ത്തിലധികം കമ്പനികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. പുതിയ പ്ലാറ്റ്ഫോം നടപ്പിലാക്കുക വഴി ദുബായിലെ ജോലി സമയം വലിയ തോതിൽ ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ‘വർക്ക് ബണ്ട്ൽ’ എന്ന് പേരിട്ടിരിക്കുന്ന ഓൺലൈൻ പ്ലാന്റ് ഫോം പ്രഖ്യാപിച്ചതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പുതിയ റസിഡൻസി വിസ, വിസ പുതുക്കൽ, വർക്ക് പെർമിറ്റ്, ഫിറ്റ്നസ് ടെസ്റ്റ്, വിസ റദ്ദാക്കൽ, എമിറേറ്റ്സ് ഐ.ഡി, ഫിംഗർ പ്രിന്റ് സ്കാനിങ് തുടങ്ങിയ സേവനങ്ങൾക്കായെടുക്കുന്ന നടപടികളിലെ കാലതാമസം ഇതിലൂടെ ഒഴിവാകും. നേരത്തെ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയിരുന്ന വിസ സേവനങ്ങൾ പുതിയ പ്ലാറ്റ്ഫോമിലൂടെ അഞ്ചു ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനാവും. വിസക്കായി സമർപ്പിച്ചിരുന്ന രേഖകളുടെ എണ്ണം 16ൽനിന്ന് അഞ്ചായി കുറയും.