കാസര്‍കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐ അന്വേഷണത്തിന് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. കേസ് അന്വേഷണം സിബിഐക്ക് വിട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് റെഡ് സല്യൂട്ട് നല്‍കുകയാണെന്ന് പത്മനാഭന്‍ പറഞ്ഞു.
ഇന്ദിരാജി കള്‍ച്ചറല്‍ സെന്റര്‍ ജനാധിപത്യവും ഫാസിസവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ വേദിയിലാണ് ടി. പത്മനാഭന്‍ മുഖ്യമന്ത്രിക്ക് റെഡ് സല്യൂട്ട് നല്‍കുന്നതായി പറഞ്ഞത്. 'പ്രിയപ്പെട്ട സഖാവെ... നിങ്ങള്‍ മുഖ്യമന്ത്രിയായ ശേഷം ചെയ്ത ഏറ്റവും നല്ല പ്രവൃത്തി ഇതാണ്'- പത്മനാഭന്‍ പറഞ്ഞു.
ഇടതുപക്ഷ നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ സിദ്ധാര്‍ത്ഥിനായി മുതലക്കണ്ണീര്‍ ഒഴുക്കി. അവരെല്ലാം അവസാനം ചോദിക്കുന്നത് ഈ സംഭവത്തില്‍ എസ്എഫ്ഐ എന്തു പിഴച്ചു എന്നാണ്. അവര്‍ക്ക് തെളിവ് നല്‍കാന്‍ വേണ്ടിയാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. സത്യം പുറത്ത് വരട്ടെയെന്നും പത്മനാഭന്‍ പറഞ്ഞു.