'ഇതാ എന്റെ ഐഡന്റിറ്റി'; കെ.സുധാകരന് മറുപടി നല്‍കി ഷമാ മുഹമ്മദ്

'ഇതാ എന്റെ ഐഡന്റിറ്റി'; കെ.സുധാകരന് മറുപടി നല്‍കി ഷമാ മുഹമ്മദ്

കണ്ണൂര്‍: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിമര്‍ശനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്. ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നുമായിരുന്നു കെ.സുധാകരന്റെ പ്രതികരണം.

ഇതിന് മറുപടിയായാണ് പാര്‍ട്ടി വക്താവ് എന്ന് വ്യക്തമാക്കുന്ന എ.ഐ.സി.സി വെബ്സൈറ്റിലെ ചിത്രം ഷമാ പങ്കുവച്ചത്. മൈ ഐ.ഡി എന്ന അടിക്കുറിപ്പോടെയാണ് അവര്‍ കോണ്‍ഗ്രസ് വെബ്സൈറ്റിലെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഡോ. ഷമാ മുഹമ്മദ്, വക്താവ് എന്നതിനൊപ്പം അവരുടെ ചിത്രവും ഡല്‍ഹിയിലെ വിലാസവും ഉള്‍പ്പെടെയാണ് ഫെയ്‌സ്ബുക്കിലൂടെ അവര്‍ സുധാകരന് മറുപടി നല്‍കിയത്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഷമാ മുഹമ്മദ് ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ട് വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും രാഹുലിന്റെ വാക്ക് പാലിക്കപ്പെട്ടില്ലന്നും അവര്‍ പറഞ്ഞിരുന്നു.

സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ ആലത്തൂരില്‍ രമ്യാ ഹരിദാസിനെയും നേതൃത്വം തഴഞ്ഞേനെയെന്നും ഷമാ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. കൂടാതെ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ വടകരയില്‍ മത്സരിപ്പിക്കുന്നതിലും അവര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.