മാനന്തവാടി: വെള്ളമുണ്ട ജൂഡ്സ് മൗണ്ട് ഇടവാകാംഗങ്ങൾ വലിയ നോമ്പിന്റെ പ്രധാന ദിനങ്ങളിലൊന്നായ നാൽപ്പതാം വെള്ളിയോടനുബന്ധിച്ച് കുരിശിന്റെ വഴി പ്രയാണം നടത്തി.
ഇടവകയിലെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള വിശ്വാസികൾ കുരിശ്ശിൻ്റെ വഴിയിൽ പങ്കെടുത്തു. ഇടവകയുടെ നാല് ദിക്കുകളിൽ നിന്നുമായി ആരംഭിച്ച കുരിശിന്റെ വഴി ഏഴ് ഇടങ്ങൾ പിൻചെന്ന് എട്ടാമിടം വിശുദ്ധ യൂദാശ്ലീഹായുടെ ഗ്രോട്ടോയിൽ എത്തിച്ചേർന്നു. അവിടെനിന്ന് വിശ്വാസികൾ ഒരു ഗണമായി പള്ളിയങ്കണത്തിലേക്ക് കുരിശിന്റെ വഴിനടത്തി. ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ വച്ച് സമാപന ആശീർവാദം നൽകി. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. ഭക്തി നിർഭരമായാണ് വിശ്വാസികൾ കുരിശിൻ്റെ വഴിയിലും ദിവ്യ ബലിയിലും പങ്കുചേർന്നത്.
ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ സ്മരിച്ച് മരകുരിശുകളും വഹിച്ചു കൊണ്ടായിരുന്നു പാപപരിഹാരത്തിനായി നടത്തപ്പെട്ട കുരിശിന്റെ വഴിയിൽ വിശ്വാസികൾ പങ്കുകൊണ്ടത്. വൈകുന്നേരം ആറ് മണിയോടെ നാല് ഇടങ്ങളിൽ നിന്നായി ആരംഭിച്ച കുരിശിന്റെ വഴി ഏഴ് മണിയോടെയാണ് ദേവാലയത്തിലെത്തിയത്.
വിശുദ്ധ ബലിക്കും കുരിശിന്റെ വഴിക്കും ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ ആത്മീയ നേതൃത്വം വഹിച്ചു.
കമ്മറ്റിക്കാർ, കൈക്കാരന്മാർ, മതാധ്യാപകർ, സംഘടനാ ഭാരവാഹികൾ, സന്യസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.