തിരുസഭയുടെ പരിശുദ്ധി നമ്മുടെ യോഗ്യതകളെ ആശ്രയിച്ചല്ല; പിൻവലിക്കപ്പെടാനാവാത്ത ദൈവിക ദാനങ്ങളെ അടിസ്ഥാനമാക്കിയുള്ളത്: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

തിരുസഭയുടെ പരിശുദ്ധി നമ്മുടെ യോഗ്യതകളെ ആശ്രയിച്ചല്ല; പിൻവലിക്കപ്പെടാനാവാത്ത ദൈവിക ദാനങ്ങളെ അടിസ്ഥാനമാക്കിയുള്ളത്: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: നമ്മുടെ രക്ഷയുടെ ഏക മധ്യസ്ഥൻ ക്രിസ്തുവാണെന്നും അവിടുന്നാണ് ദൈവത്തിന്റെ യഥാർത്ഥ വിശുദ്ധമന്ദിരമെന്നും വിശ്വാസികളെ ഓർമപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ഏക രക്ഷകനായ അവിടുന്ന് നമ്മുടെ മനുഷ്യത്വത്തോട് ഒന്നായിത്തീരുകയും തൻ്റെ സ്നേഹത്താൽ നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്തു. പിതാവിലേക്ക് നമ്മെ നയിക്കുന്ന തുറന്ന വാതിലിനോടാണ് അവിടുന്ന് തന്നെത്തന്നെ ഉപമിച്ചതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയോടനുബന്ധിച്ചുള്ള തന്റെ പ്രതിവാര സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരമായ സഭയുടെ അംഗങ്ങൾ എന്ന നിലയിൽ, ആത്മാവിലുള്ള ആരാധനയിലൂടെയും അതിലുപരി, ജീവിത സാക്ഷ്യത്തിലൂടെയും തൻ്റെ കരുണയുടെയും ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം പ്രഘോഷിക്കാനാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയുടെ പ്രതിഷ്ഠാതിരുനാൾ റോമായിലെ സഭയുമായുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടെയും രഹസ്യത്തെക്കുറിച്ച് ആഴത്തിൽ ധ്യാനിക്കേണ്ട ദിവസമാണെന്നും, അവൾ ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ വിശ്വാസയാത്രയിൽ കരുതലോടെ പരിപാലിക്കുന്ന ഒരമ്മയെപ്പോലെയാണെന്നും ലിയോ പാപ്പാ അനുസ്മരിച്ചു.

റോമാ രൂപതയുടെ കത്തീഡ്രലും പത്രോസിന്റെ പിൻഗാമിയുടെ സിംഹാസനവുമായ ലാറ്ററൻ ബസിലിക്ക ചരിത്രപരവും കലാപരവും ആത്മീയവുമായ അസാധാരണ മൂല്യങ്ങളാൽ സർവരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്. എന്നാൽ ഏറ്റവും ശ്രദ്ധേയമായത്, അപ്പോസ്തോലന്മാർക്ക് ഭരമേല്പിക്കപ്പെട്ടതും അവരിലൂടെ സംരക്ഷിക്കപ്പെട്ടതും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതുമായ വിശ്വാസത്തെ അത് പ്രതിനിധീകരിക്കുന്നു എന്നതാണ്.

കത്തീഡ്രൽ സമുച്ചയത്തിന്റെ കലാപരമായ പ്രൗഢി നമ്മുടെ വിശ്വാസ രഹസ്യങ്ങളുടെ മഹത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പന്ത്രണ്ട് അപ്പോസ്തലന്മാരുടെ വലിയ പ്രതിമകൾ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ബാഹ്യമായ രൂപഭംഗിക്കപ്പുറം, അവയിലൂടെ വെളിപ്പെടുന്ന സഭാത്മക രഹസ്യമാണ് നാം മനസ്സിലാക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു.

ക്രിസ്തു - ദൈവത്തിന്റെ യഥാർത്ഥ വിശുദ്ധമന്ദിരം

'ദേവാലയ ശുദ്ധീകരണ സംഭവം വിവരിക്കുന്ന സുവിശേഷ ഭാഗം നമ്മെ ഓർമിപ്പിക്കുന്നത് മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ് ദൈവത്തിന്റെ യഥാർത്ഥ വിശുദ്ധ മന്ദിരം എന്ന സത്യമാണ്. അവിടുന്ന് മാത്രമാണ് രക്ഷയുടെ ഏക മധ്യസ്ഥനും നമ്മുടെ ഏക രക്ഷകനും. പിതാവിലേക്ക് നമ്മെ നയിക്കുന്നതും വിശാലമായി തുറന്നിട്ടിരിക്കുന്നതുമായ വാതിലും അവിടുന്നു തന്നെ. നമ്മുടെ മനുഷ്യത്വത്തോട് ഒന്നായിത്തീർന്നുകൊണ്ട് തന്റെ സ്നേഹത്താൽ അവിടുന്ന് നമ്മെ രൂപാന്തരപ്പെടുത്തി' - ലിയോ പാപ്പാ പറഞ്ഞു.

യേശുവിനോട് ഐക്യപ്പെട്ടവരായ നാമും ഈ ആത്മീയ മന്ദിരത്തിന്റെ ജീവനുള്ള ശിലകളാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയുടെ അംഗങ്ങളായ നാം അവിടുത്തെ സുവിശേഷത്തിനും കരുണയ്ക്കും അനുദിന ജീവിതത്തിൽ സാക്ഷ്യം വഹിക്കേണ്ടവരാണ്.

ദൈവത്തിന്റെ വിശുദ്ധജനമായിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുക

ഇപ്രകാരമുള്ള ആത്മീയമായ കാഴ്ചപ്പാടോടെ ജീവിതം നയിക്കാൻ നമ്മുടെ ഹൃദയങ്ങളെ പരിശീലിപ്പിക്കണമെന്ന് പാപ്പാ പറഞ്ഞു. എന്നാൽ, പലപ്പോഴും ക്രിസ്ത്യാനികളായ നമ്മുടെ ബലഹീനതകളും തെറ്റുകളും, അതോടൊപ്പം ചില സ്ഥിരസങ്കൽപങ്ങളും മുൻവിധികളും സഭയാകുന്ന രഹസ്യത്തിന്റെ ആത്മീയമായ സമ്പന്നത ഗ്രഹിക്കുന്നതിൽനിന്ന് നമ്മെ തടയുന്നു. എന്നിരുന്നാലും, അവളുടെ പരിശുദ്ധി നമ്മുടെ യോഗ്യതകളെ ആശ്രയിച്ചല്ല മറിച്ച്, പിൻവലിക്കപ്പെടാനാവാത്ത ദൈവിക ദാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന കാര്യം നാം മനസ്സിലാക്കണം.

ആകയാൽ, ദൈവം തെരഞ്ഞെടുത്ത വിശുദ്ധജനമായിരിക്കുന്നതിന്റെ ആനന്ദത്തിൽ നമുക്കു വ്യാപരിക്കാം. ക്രിസ്തുവിനെ ജീവിതങ്ങളിലേക്ക് സ്വാഗതം ചെയ്യാനും നമ്മോടൊപ്പം സഞ്ചരിക്കാനുമായി സഭയുടെ അമ്മയായ പരിശുദ്ധ മറിയത്തിൻ്റെ മാധ്യസ്ഥ്യവും സഹായവും നമുക്ക് അപേക്ഷിക്കുകയും ചെയ്യാം എന്ന ആഹ്വാനത്തോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.