ഓശാന ഞായറിൽ പരമ്പരാ​ഗതമായ ചട്ടയും മുണ്ടും അണിഞ്ഞ് ബ്രിട്ടണിലെ മലയാളി അമ്മമാർ

ഓശാന ഞായറിൽ പരമ്പരാ​ഗതമായ ചട്ടയും മുണ്ടും അണിഞ്ഞ് ബ്രിട്ടണിലെ മലയാളി അമ്മമാർ

ലണ്ടൻ: ​ഗ്രേറ്റ് ബ്രിട്ടൺ രൂപതകളിലെ മിഷനുകളിൽ ഒന്നായ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ - സ്റ്റോക്ക് ഓൺ ട്രെൻ്റിൽ ഓശാന തിരുനാളിന് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി.
വൈകുനേരം മൂന്ന് മണിക്ക് കുരുത്തോല വെഞ്ചിരിച്ചുകൊണ്ടാണ് തിരുനാളിന് തുടക്കം കുറിച്ചത്.

തുടർന്ന് നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ പരമ്പരാ​ഗത മാർത്തോമ നസ്രാണി വേഷങ്ങളായ ഷർട്ടും മുണ്ടും ചട്ടയും മുണ്ടും വിശുദ്ധിയുടെ പ്രതീകമായ തൂവെള്ള വസ്ത്രങ്ങളും ധരിച്ചെത്തിയ വിശ്വാസികൾ കുരുത്തോലയുമായി പ്രദിക്ഷിണത്തിൽ പങ്കെടുത്തത് ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വിളിച്ചോതുന്ന കാഴ്ചയായിരുന്നു. കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറിയിട്ടും തങ്ങളുടെ പാരമ്പര്യവും വിശ്വാസവും മുറുകെ പിടിച്ച് വരും തലമുറക്കും പകർന്നു കൊടുക്കുന്നതിന്റെ ഉത്തമ ഉദാ​ഹരണമായിരുന്നു പ്രദക്ഷിണം.

കുരുത്തോല പ്രദക്ഷിണത്തിന് ശേഷം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിലും മിഷൻ വികാരി ഫാദർ ജോർജ് എട്ടുപറയിലിന്റെ സഹകാർമികത്വത്തിലും വിശുദ്ധ കുർബാന അർപ്പിച്ചു. വിശ്വാസികൾ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പിതാവ് ഉദ്ബോധിപ്പിച്ചു. ഓശാന തിരുനാളിന് മുന്നോടിയായി ലാസറിന്റെ ശനിയും 40ാം വെള്ളിയോടനുബന്ധിച്ചുള്ള മലകയറ്റവും ഉണ്ടായിരുന്നു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ ഭക്ത്യാധരപൂർവം പങ്കെടുത്തു.

മാർ ജോസഫ് ​സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിനും തിരുനാളിന് വേണ്ടി പ്രവർത്തിച്ചവർക്കും മിഷൻ വികാരി നന്ദി അറിയിച്ചു. വിശുദ്ധ വാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും ദിവ്യബലിയും റാംസ പ്രാർത്ഥനയും കുമ്പസാരവും ഉണ്ടായിരിക്കുമെന്നും വികാരി പറഞ്ഞു. എല്ലാ വിശ്വാസികളും വേണ്ടത്ര ഒരുങ്ങി വേണം വരും ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കണ്ടതെന്നും വികാരി ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.