വാഷിങ്ടൺ: അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്റായാണ് ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കുക. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും. അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി.
'പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടെയുമാണെന്നും' ട്രംപ് പ്രതികരിച്ചു. ക്യാപിറ്റോൾ കലാപത്തിനെതിരെയും വീഡിയോ സന്ദേശത്തിൽ പരാമർശമുണ്ട് രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതിൽ അഭിമാനമുണ്ടെന്നും തന്റെ ഭരണത്തിൽ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.