അമേരിക്കയ്ക്കായി ജപമാല യജ്ഞം; ആഹ്വാനവുമായി കത്തോലിക്കാ മെത്രാൻ സമിതി

അമേരിക്കയ്ക്കായി ജപമാല യജ്ഞം; ആഹ്വാനവുമായി കത്തോലിക്കാ മെത്രാൻ സമിതി

ലോസ്ആഞ്ചലസ്: പരിശുദ്ധ അമ്മയുടെ സംരക്ഷണം രാജ്യത്തിന് ലഭ്യമാകുവാൻ ജപമാല രാജ്ഞിയുടെ തിരുനാൾ ദിനത്തിൽ ജപമാല യജ്ഞത്തിന് (റോസറി ഫോർ അമേരിക്ക) ആഹ്വാനം ചെയ്ത് അമേരിക്കയിലെ കത്തോലിക്കാ സഭ. കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പുമായ ഹൊസെ ഗോമസാണ് ഇക്കാര്യം അറിയിച്ചത്. ഒക്‌ടോബർ ഏഴ് ഉച്ചയ്ക്ക് 12 മണിക്ക് (പസഫിക് സമയം) ജപമാല അർപ്പണം തുടങ്ങും. അതിരൂപതയുടെ വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടാവും . എല്ലാവരും ഓൺലൈനിൽ ജപമാല അർപ്പണത്തിൽ പങ്കെടുക്കണമെന്നും രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. 

അശാന്തിയും അനിശ്ചിതത്വവും നിലനിൽക്കുന്ന ഈ സമയത്ത്, രാജ്യത്തുടനീളമുള്ള കത്തോലിക്കാ വിശ്വാസികൾ പ്രാർത്ഥനയിൽ ഒന്നുചേർത്ത് അമ്മയുടെ മാധ്യസ്ഥ്യം തേടുകയാണ്. നമ്മുടെ രാജ്യത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നാം തേടുമ്പോൾ, പരിശുദ്ധ അമ്മയോടുള്ള നമ്മുടെ സമർപ്പണവും ആഴപ്പെടുത്താനാകും.  

നമ്മെതന്നെ അമ്മയ്ക്ക് സമർപ്പിച്ചും ദൈവതിരുഹിതം അനുസരിച്ച് ജീവിക്കാനുള്ള മാർഗം അമ്മയിൽനിന്ന് പഠിച്ചും വിശ്വാസജീവിതത്തിൽ നമുക്ക് മുന്നേറാം,’ ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.

മെക്സിക്കോയിൽ അശാന്തിയുടെയും അനിശ്ചിതത്ത്വത്തിന്റെയും കാലം; മഹാമാരിയും അക്രമവും മാത്രമല്ല നരബലി വരെ അവിടെ നടമാടിയിരുന്ന ഒരു കാലത്താണ് ഗ്വാഡലൂപ്പെ മാതാവ് സഹായത്തിന് എത്തിയത്. അതുകൊണ്ടു അമേരിക്കയിലെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഗ്വാഡലൂപ്പെ മാതാവിന്റെ സന്ദേശം വളരെ പ്രത്യാശ തരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മാതാവിന്റെ മാധ്യസ്ഥം വിളിച്ചപേക്ഷിക്കാൻ പ്രതിസന്ധി സമയങ്ങളിലെല്ലാം , അമേരിക്കയിലെ കത്തോലിക്കർ ശ്രദ്ധിക്കാറുണ്ട് . " അമേരിക്ക നീഡ്‌സ് ഫാത്തിമ " എന്ന ഒരു മരിയ ഭക്തി സംഘടന തന്നെ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട് .


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.