കൊച്ചി: ഇന്ത്യയിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ശൃംഖലയായ പിവിആറും മലയാള സിനിമാ സംഘടനകളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. ഇതോടെ മലയാള സിനിമകള്‍ തുടര്‍ന്നും പ്രദര്‍ശിപ്പിക്കാന്‍ ധാരണയായി. സിനിമാ സംഘടനകളും പിവിആര്‍ പ്രതിനിധികളും തമ്മില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രശ്‌ന പരിഹാരത്തിനായി വെര്‍ച്വല്‍ പ്രിന്റ് വിഷയത്തില്‍ പിവിആറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇതിനിടെ പിവിആര്‍ ഗ്രൂപ്പിന്റെ സ്‌ക്രീനുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തിന് എതിരെ ഫെഫ്ക രംഗത്ത് വന്നു. പിവിആറിന്റെ നിലപാടിനെ തെരുവില്‍ ചോദ്യം ചെയ്യുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
പ്രദര്‍ശനം നിറുത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകള്‍ ഇനി പിവിആറിന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിവിആര്‍ നിലപാട് മാറ്റിയത്.
തിയേറ്ററുകളിലേക്ക് ഡിജിറ്റല്‍ കണ്ടന്റ് എത്തിക്കുന്ന ക്യൂബ് അടക്കമുള്ള കമ്പനികള്‍ വലിയ വെര്‍ച്വല്‍ പ്രിന്റ് ഫീ ഈടാക്കുന്നതിനാല്‍ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനോട് സഹകരിക്കാതെ മലയാള സിനിമകള്‍ പിവിആറിന്റെ തിയേറ്ററുകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.