കെ. സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റാകും; നാളെ രാവിലെ എം.എം ഹസന്‍ ചുമതല കൈമാറും

 കെ. സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റാകും; നാളെ രാവിലെ എം.എം ഹസന്‍ ചുമതല കൈമാറും

കൊച്ചി: കടുത്ത സമ്മര്‍ദ്ദത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കെ. സുധാകരന് ഹൈക്കമാന്റ് അനുമതി നല്‍കി. വിവാദം അവസാനിപ്പിക്കാന്‍ എഐസിസി ഇടപെടുകയായിരുന്നു. നാളെ രാവിലെ പത്തിന് എം.എം ഹസന്‍ ചുമതല കൈമാറും.

കെപിസിസി പ്രസിഡന്റ് സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്കുള്ളതാണ്. അത് എപ്പോള്‍ വേണമെങ്കിലും പോയി ഏറ്റെടുക്കാവുന്നതാണ്. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തിട്ടേ ഏറ്റെടുക്കുന്നുള്ളൂവെന്നും അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മാത്രമല്ല കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ലെന്നും സ്ഥാനത്തെ ചൊല്ലി പാര്‍ട്ടയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി തോന്നിയിട്ടില്ലെന്നും അദേഹം പറഞ്ഞു. തനിക്ക് ആരോടും ഒരു പരാതിയും ഇല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിമര്‍ശിച്ച് കൊണ്ട് കെ. സുധാകരന്‍ രംഗത്തെത്തി. ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങി പോകും പോലെയാണ് മുഖ്യമന്ത്രി കുടുംബവുമായി പോയിരിക്കുന്നതെന്നായിരുന്നു അദേഹത്തിന്റെ വിമര്‍ശനം. യാത്ര സ്പോണ്‍സര്‍ഷിപ്പ് ആണോ എന്ന് സംശയമുണ്ട്.

മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ സംസ്ഥാനത്തിന്റെ ചുമതല ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ. ഇടതുപക്ഷത്തിന് ആകെ ഉള്ള മുഖ്യമന്ത്രിയല്ലേ ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് പോകേണ്ടേ. എന്ത് രാഷ്ടീയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു.

സംസ്ഥാനത്ത് എല്‍ഡിഎഫ് 20 സീറ്റിലും തോല്‍ക്കാന്‍ പോകുകയാണ്. അത് കാണാന്‍ സാധിക്കാതെ പോയതാകും മുഖ്യമന്ത്രിയെന്നും കെ സുധാകരന്‍ പരിഹസിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.