'പ്രണയക്കെണികള്‍ പ്രതിരോധിക്കുന്നതില്‍ സഭയ്ക്ക് കാര്യക്ഷമമായ സംവിധാനമുണ്ട്; മറിച്ചുള്ള പ്രചാരണം വ്യാജം': മാര്‍ ജോസഫ് പാംപ്ലാനി

 'പ്രണയക്കെണികള്‍ പ്രതിരോധിക്കുന്നതില്‍ സഭയ്ക്ക് കാര്യക്ഷമമായ സംവിധാനമുണ്ട്; മറിച്ചുള്ള പ്രചാരണം വ്യാജം': മാര്‍ ജോസഫ് പാംപ്ലാനി

കോട്ടയം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയക്കെണികളില്‍ പെടുത്തുന്നത് പ്രതിരോധിക്കുന്നതില്‍ കത്തോലിക്കാ സഭയ്ക്ക് കാര്യക്ഷമമായ സംവിധാനമുണ്ടെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

ഇക്കാര്യത്തില്‍ സഭാ നേതൃത്വം വേണ്ടത്ര താല്‍പര്യമെടുക്കുന്നില്ലെന്ന മട്ടില്‍ ചില ഗ്രൂപ്പുകള്‍ നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി കൂടിയായ മാര്‍ പാംപ്ലാനി പറഞ്ഞു. സഭയുടെ മുഖപത്രമായ ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ കെസിബിസിയും വിവിധ രൂപതകളും കൃത്യവും കാര്യക്ഷമവുമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനകം ഇത്തരം കെണികളില്‍ വീണ നിരവധി പെണ്‍കുട്ടികളെ രക്ഷിച്ചെടുക്കാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.

പെണ്‍കുട്ടികളുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും ഭാവിയും പരിഗണിച്ച് സഭ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പബ്ലിസിറ്റി കൊടുക്കാറില്ല. എന്നാല്‍ എവിടെയെങ്കിലും ഇങ്ങനെയൊരു വിഷയത്തില്‍ ഇടപെട്ടാല്‍ ഉടനെ സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും അതു പ്രചരിപ്പിക്കുകയും തങ്ങളാണ് രക്ഷിച്ചതെന്ന് കൊട്ടിഘോഷിക്കുകയും ചെയ്യുന്ന ചില സംഘടനകളാണ് സഭ ഒന്നും ചെയ്യുന്നില്ലെന്ന വ്യാജ പ്രചാരണത്തിനു പിന്നിലെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

സഭാംഗങ്ങളുടെ രക്ഷകര്‍ തങ്ങളാണെന്ന് സ്ഥാപിക്കാനാണ് ഇത്തരം പ്രചാര വേലയുമായി ഇക്കൂട്ടര്‍ രംഗത്തു വരുന്നത്. പെണ്‍കുട്ടികളുടെ ഭാവിയെക്കുറിച്ചു പോലും ചിന്തയില്ലാതെയാണ് ഇത്തരം സംഭവങ്ങള്‍ ചിലര്‍ പബ്ലിസിറ്റിക്ക് ഉപയോഗിക്കുന്നതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.