ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്: മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാരുടെ വന്‍ പ്രതിഷേധം

ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്: മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാരുടെ വന്‍ പ്രതിഷേധം

കോഴിക്കോട്: രാജ്യമൊട്ടാകെ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. കേരളത്തിലെ കണ്ണൂര്‍, കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ എല്ലാം റദ്ദാക്കി. മുന്നറിയിപ്പ് ഇല്ലാതെയുള്ള നടപടിയില്‍ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങി കിടക്കുന്നത്.

അബൂദാബി, ഷാര്‍ജ, മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനങ്ങള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം. അലവന്‍സ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നതെന്നാണ് അറിയുന്നത്. കണ്ണൂര്‍ വിമാനത്താളത്തില്‍ ഇന്ന് പുലര്‍ച്ചെ ഒന്നോടെ എത്തിയ യാത്രക്കാരാണ് പുറപ്പെടാനാവാതെ കുടുങ്ങി കിടക്കുന്നത്.

തൊഴില്‍ ആവശ്യങ്ങള്‍ക്ക് പോകുന്ന ചിലരുടെ വിസ കാലാവധി ഇന്ന് തീരും. ഈ സാഹചര്യത്തില്‍ ആശങ്കയിലാണ് പല യാത്രക്കാരും. ഇതിനിടെ ഹൈദരാബാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായും യാത്രക്കാര്‍ പറയുന്നു. എന്നാല്‍ രാജ്യ വ്യാപകമായി ജീവനക്കാര്‍ നടത്തുന്ന സമരമാണെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.

ഷാര്‍ജ, മസ്‌കറ്റ്, ബഹ്‌റൈന്‍, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബൈ, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

അതേസമയം കണ്ണൂരില്‍ നാളെ മുതലുള്ള വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാമെന്ന ഉറപ്പില്‍ യാത്രക്കാര്‍ പ്രതിഷേധം അസവസാനിപ്പിച്ചു. മുന്‍ഗണനാ ക്രമത്തില്‍ ടിക്കറ്റ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.