ക്യാപ്റ്റൻ സർ ടോം മൂർ അന്തരിച്ചു

 ക്യാപ്റ്റൻ സർ ടോം മൂർ അന്തരിച്ചു

ലണ്ടൻ: രണ്ടാം ലോകമഹായുദ്ധ നായകനും കോവിഡ് മഹാമാരിക്കിടയിൽ പോരാളികള്‍ക്കായി ധനസമാഹരണം നടത്തുകയും ചെയ്ത ക്യാപ്റ്റന്‍ സര്‍ ടോം മൂര്‍ അന്തരിച്ചു. നൂറ് വയസ്സായിരുന്നു. ക്യാൻസര്‍ ബാധിതനായിരുന്ന ടോം മൂറിനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ‍ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോകം മുഴുവന്‍ ലോക്ഡൗണില്‍ പതറി നില്‍ക്കുമ്പോഴായിരുന്നു ക്യാപ്റ്റന്‍ ടോം മൂറിന്റെ ചുവടുവയ്പ്. ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസസിനായി പണം സമാഹരിക്കാൻ ടോം ഒരു ചലഞ്ച് സ്വീകരിച്ചു. സ്റ്റീല്‍ ഫ്രെയിം കുത്തിപ്പിടിച്ച് പൂന്തോട്ടത്തില്‍ നടക്കുമ്പോള്‍ ലക്ഷ്യം 1000 പൗണ്ട് ആയിരുന്നു. പക്ഷെ ആ നിശ്ചയദാര്‍ഢ്യത്തില്‍ സമാഹരിക്കപ്പെട്ടത് 38.9 മില്യന്‍ പൗണ്ട് ആണ്. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു. എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും മ്യാന്‍മറിലും സര്‍ ടോം മൂര്‍ സേവനം അനുഷ്ഠിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.