ഗ്രെറ്റയുടെ ട്വീറ്റില്‍ കേന്ദ്രത്തിന് കലിപ്പ്: കേസെടുത്ത് ഡല്‍ഹി പോലീസ്

 ഗ്രെറ്റയുടെ ട്വീറ്റില്‍ കേന്ദ്രത്തിന് കലിപ്പ്:  കേസെടുത്ത് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെര്‍ഗിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ത്യുന്‍ബെര്‍ഗിനെതിരെ കേസെടുത്തിരിക്കുന്നത്. മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതാണ് കേസ്.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രെറ്റയും ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം ്ര്രപഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ട്വീറ്റ്. കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്തയും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പിന്നീട് വ്യാഴാഴ്ചയും ഗ്രെറ്റ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ സഹായകരമായ ടൂള്‍കിറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ഇത്. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂള്‍കിറ്റ് വീശദീകരിക്കുന്നത്.

ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാനും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഇതില്‍ നിര്‍ദേശിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.