കാന്‍ബെറ: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 9,000 ഹെക്ടറിലധികം സ്ഥലവും 90 ലധികം വീടുകളും അഗ്‌നിക്കിരയായി. ഇവിടെ വീശുന്ന ശക്തമായ കാറ്റ് തീ പടരുന്നതിന്റെ ആക്കം കൂട്ടുകയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. തീ അണയ്ക്കാന്‍ ശ്രമിച്ച അഗ്‌നിസുരക്ഷാ ഉദ്ധ്യോഗസ്ഥരില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നിലവില്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീ പടര്‍ന്നതിന്റെ ഉത്ഭവം എവിടെയാണെന്നും കാരണമെന്തെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചു. അഗ്‌നി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം വീടുവിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പലായനം ചെയ്യുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
പ്രദേശത്ത് കൊവിഡ് വ്യാപനവും അതി ശക്തമായി തുടരുകയാണ്. യു.കെയില്‍ കണ്ടെത്തിയ വകഭേദം വന്ന കൊവിഡ് വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇരട്ടി പ്രഹരമായാണ് തീ പടര്‍ന്നിരിക്കുന്നത്. ആവശ്യത്തിന് മാത്രം ആളുകള്‍ പുറത്തിറങ്ങാവു എന്ന നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍, ആരോഗ്യപരമായ ആവശ്യങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവയ്ക്ക് വേണ്ടി മാത്രമേ വീടിന് പുറത്തിറങ്ങാന്‍ പാടുള്ളു എന്നാണ് ഉത്തരവ്.
തിങ്കളാഴ്ച ആരംഭിച്ച തീ 100 കിലോ മീറ്ററോളം ചുറ്റളവിലാണ് പടര്‍ന്നിരിക്കുന്നത്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റ് തീ വേഗത്തില്‍ പടരുന്നതിന് കാരണവുമായി. അടുത്ത ദിവസങ്ങളില്‍ ഈ കാറ്റ് മണിക്കൂറില്‍ 75 കിലോ മീറ്റര്‍ വേഗത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രിതീക്ഷ. അങ്ങനെയാണെങ്കില്‍ അഗ്‌നി കൂടുതല്‍ വേഗത്തില്‍ പടരുമെന്നാണ് കണക്കുകൂട്ടല്‍.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളായ ഷാഡി ഹില്‍സ്, ബുള്‍സ്ബ്രൂക്ക്, ദി വൈന്‍സ് എന്നീ പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണമെന്നും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി. ശക്തമായ തീ പിടിത്തത്തിലും കാറ്റിലും പ്രദേശം മുഴുവന്‍ ചാരം പൊങ്ങിപ്പറക്കുകയാണ്. വീടുകളിലേക്കും മറ്റും ചാരം പറന്നു കയറുന്നുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും പുക ശ്വസിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.