നിമിഷ പ്രിയയുടെ മോചനം: ആദ്യ ഘട്ടമായി 20,000 ഡോളര്‍ കൈമാറി

നിമിഷ പ്രിയയുടെ മോചനം: ആദ്യ ഘട്ടമായി 20,000 ഡോളര്‍ കൈമാറി

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. നാല് വര്‍ഷം നീണ്ട പോരാട്ടത്തിന്റെ ഒന്നാം ഘട്ടം കടന്നതിന്റെ സന്തോഷം അറിയിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

നിമിഷയെ രക്ഷിക്കാനുള്ള മാപ്പപേക്ഷയുമായി ബന്ധപ്പെട്ട പ്രീ നെഗോഷിയേഷന്‍ ചര്‍ച്ചകളുടെ ആദ്യ പടിയായി 20,000 അമേരിക്കന്‍ ഡോളറിന് ഏകദേശം തുല്യമായ 16,71,000 രൂപ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ന്യൂഡല്‍ഹി അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ യമനില്‍ പുരോഗമിക്കുകയാണ്.

അടുത്ത ഘട്ടത്തില്‍ ഇനിയും 20,000 ഡോളര്‍ കൂടി വേണ്ടി വരും എന്നാണ് എംബസി അറിയിച്ചതെന്ന് നിമിഷപ്രിയ സേവ് ഇന്റര്‍ നാഷണല്‍ വ്യക്തമാക്കി. ഇതിനായി സാമ്പത്തിക സഹായം ചെയ്യാനും ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. അതേസമയം ചര്‍ച്ചകള്‍ക്ക് ശേഷം ബ്ലഡ് മണി ആവശ്യമായി വന്നാല്‍ അത് കൂടി സമാഹരിക്കേണ്ടതായി വരും. നെന്‍മാറ എംഎല്‍എ കെ. ബാബു രക്ഷാധികാരിയായ ആക്ഷന്‍ കൗണ്‍സിലാണ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ധനസമാഹരണം നടത്തുന്നത്.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും സാമൂഹ്യ പ്രവര്‍ത്തകനും തമിഴ്നാട് സ്വദേശിയുമായ സാമുവല്‍ ജെറോമും മോചന ശ്രമങ്ങള്‍ക്കായി യമനില്‍ തുടരുകയാണ്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്താനായി ഗോത്ര നേതാക്കളുടെ സഹായത്താലാണ് ശ്രമം തുടരുന്നത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. യമന്‍ പൗരന്റെ കുടുംബത്തിന്റെ നിലപാടാണ് ഈ വിഷയത്തില്‍ നിര്‍ണായകമാവുക.

2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തലാല്‍ അബ്ദുല്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.