വീണ്ടും മണ്ണിടിച്ചില്‍; താമരശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു; അടിയന്തര വാഹനങ്ങള്‍ മാത്രം കടത്തി വിടും

വീണ്ടും മണ്ണിടിച്ചില്‍; താമരശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു; അടിയന്തര വാഹനങ്ങള്‍ മാത്രം കടത്തി വിടും

കല്‍പറ്റ: താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ചുരം വ്യൂ പോയിന്റില്‍ വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കുമുള്ള ഗതാഗതത്തിനാണ് നിയന്ത്രണം.

ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പൊലീസിന്റെ അനുമതിയോടെ കടത്തി വിടും.

കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

കോഴിക്കോട് കാവിലുംപാറ, മരുതോങ്കര മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. തൊട്ടില്‍പ്പാലം പുഴയില്‍ ഒഴുക്ക് വര്‍ധിച്ചു. കുറ്റ്യാടി ചുരത്തില്‍ പക്രംതളത്തിന് സമീപം നേരിയ മണ്ണിടിച്ചല്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.

റോഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. താമരശേരി തഹസില്‍ദാര്‍ സി. സുബൈര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.