കൊച്ചി: എറണാകുളം പനങ്ങാട് ബസ് മറിഞ്ഞ് അപകടം. ബസിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റിയനാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടര്‍ യാത്രികന്റെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് എറണാകുളം ആലപ്പുഴ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സിഗ്‌നലില്‍ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം.
റോഡിന് കുറുകെ മറിഞ്ഞ ബസ് റോഡില്‍ നിന്ന് ഉയര്‍ത്തി. കല്ലടയെന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ സിഗ്‌നലില്‍ ഇടിച്ച് മറിയുകയായിരുന്നു. ബസിന് തൊട്ട് പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ ബസിനടിയില്‍ പെടുകയായിരുന്നു. ബസിനുള്ളിലെ യാത്രക്കാരെയും ബസിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.