'ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുകളില്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം'; പാലക്കാട് സ്ഥാനാര്‍ത്ഥിയെകുറിച്ചും സൂചന നല്‍കി ഷാഫി പറമ്പില്‍

'ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുകളില്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം'; പാലക്കാട് സ്ഥാനാര്‍ത്ഥിയെകുറിച്ചും സൂചന നല്‍കി ഷാഫി പറമ്പില്‍

പാലക്കാട്: കേരളത്തില്‍ ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുകളില്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും മറ്റു ധൂര്‍ത്തുകള്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണമെന്നും ഷാഫി പറമ്പില്‍ എംപി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സീസണല്‍ ഇഷ്യു ആക്കി സര്‍ക്കാര്‍ ഇനിയും നിലനിര്‍ത്തരുതെന്നും പഠിക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും കുട്ടികള്‍ പോരാട്ടം നടത്തുകയാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമാകാന്‍ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുമ്പോള്‍ പാര്‍ട്ടി ഫോറത്തില്‍ തനിക്ക് പറയാനുള്ള അഭിപ്രായം വ്യക്തമാക്കുമെന്നും വടകര എംപി പറഞ്ഞു.'2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്തിയത്.
2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വി.കെ ശ്രീകണ്ഠന് ചരിത്രഭൂരിപക്ഷമാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലും ലഭിച്ചത്. അത് കാണാതെ പോകരുത്.

തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ പാലക്കാട്ടെ ജനത നല്ല പിന്തുണ ഞങ്ങള്‍ക്ക് തരുന്നുണ്ട്. ഞങ്ങളതിനെ വിലകുറച്ചുകാണുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.