തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിലെ നിര്‍ജീവ അക്കൗണ്ടുകളിലുള്ള പണം റവന്യു അക്കൗണ്ടിലേക്ക് മാറ്റാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇത് ഏകദേശം 3000 കോടി രൂപ വരും. ഇതില്‍ അവകാശികള്‍ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉള്‍പ്പെടും. ഈ പണത്തില്‍ കണ്ണുവച്ച് ചില ട്രഷറികളില്‍ ജീവനക്കാര്‍ തട്ടിപ്പ് നടത്താന്‍ തുടങ്ങിയതോടെ പണം റവന്യു അക്കൗണ്ടിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.
മൂന്ന് വര്‍ഷമോ അതിലേറെയോ തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. ഇത്തരം അക്കൗണ്ടുകളെ നിര്‍ജീവമെന്ന് കണക്കാക്കി പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റാന്‍ നിയമ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.
അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയില്‍ പെന്‍ഷന്‍കാരിയുടെയും പരേതരുടെയും അക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി 15.6 ലക്ഷം രൂപ പിന്‍വലിച്ചതിന് ആറു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരാളെ പൊലീസ് അറസ്റ്റും ചെയ്തു. ചില ട്രഷറികളില്‍ നിര്‍ജീവ അക്കൗണ്ടുകളില്‍ നിന്ന് പണം തിരിമറി നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് ജീവനക്കാര്‍ പണം പിന്‍വലിച്ചാല്‍ പെട്ടെന്ന് കണ്ടെത്താനാവില്ല.
ഇടപാടുകള്‍ നടക്കാതെയും അവകാശികള്‍ എത്താത്തതുമായ അക്കൗണ്ടുകള്‍ എത്രകാലം നിലനിര്‍ത്തണമെന്നതില്‍ അവ്യക്തതയുണ്ട്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളെ നിര്‍ജീവമായി കണക്കാക്കാമെന്നാണ് നിയമവകുപ്പ് അറിയിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഈ പണം സര്‍ക്കാരിന്റെ റവന്യു അക്കൗണ്ടിലേക്ക് മാറ്റാം.
തുടര്‍ന്നും അക്കൗണ്ട് ഉടമകളോ നിയമപ്രകാരം അനന്തരാവകാശികളോ എത്തിയാല്‍ പണം തിരിച്ച് നല്‍കാനും വ്യവസ്ഥ ചെയ്യണമെന്ന് നിയമവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ധനവകുപ്പിന്റെ തീരുമാനം ഉടന്‍ ഉണ്ടാവും.