കോഴിക്കോട്: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വന്‍ വിദ്യാര്‍ഥി പ്രതിഷേധം. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങി. കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
മലപ്പുറത്ത് എം.എസ്.എഫ് വനിതാ പ്രവര്‍ത്തകര്‍ ആര്‍.ഡി.ഡി ഓഫീസ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോടും മലപ്പുറത്തും കെ.എസ്.യു പ്രവര്‍ത്തകരും ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കുന്നുണ്ട്.
കോഴിക്കോട്ട് കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും റോഡ് ഉപരോധിക്കും.
അതേസമയം സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹനം തടഞ്ഞതും വാഹനത്തില്‍ കരിങ്കൊടി കെട്ടിയതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ വഴുതക്കാട്ടെ റോസ് ഹൗസിനു മുന്നില്‍ ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു പ്രതിഷേധം.
രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനം തടഞ്ഞ് കെ.എസ്.യുക്കാര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ഇതിനിടയിലാണ് പ്രതിഷേധക്കാരിലൊരാള്‍ മന്ത്രിയുടെ കാറില്‍ കരിങ്കൊടി കെട്ടിയത്. പ്‌ളസ് വണ്‍ സീറ്റ് മൂന്നാംഘട്ട അലോട്ട്‌മെന്റ് വന്നിട്ടും അധിക ബാച്ചുകള്‍ അനുവദിച്ച് പ്രതിസന്ധി പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പൊലീസുകാര്‍ കുറവായതിനാല്‍ പ്രതിഷേധക്കാരെ വേഗത്തില്‍ തടയാനായില്ല. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമായി. ഔദ്യോഗിക വസതിയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടി എത്തി പ്രതിഷേധക്കാരെ നീക്കിയാണ് മന്ത്രിക്ക് വഴിയൊരുക്കിയത്.