മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു; ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു

മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു; ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ എം.ജി കോളനിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്.

ഇന്ന് ഉച്ച മുതല്‍ മൂന്നാര്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇതിനിടെ വീടിന് മുകളിലുണ്ടായിരുന്ന മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയും വീട്ടമ്മ വീടിനുള്ളില്‍ കുടുങ്ങി പോവുകയുമായിരുന്നു. രക്ഷപ്രവര്‍ത്തനത്തിന് ശേഷം മാലയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മുതല്‍ നാളെ രാവിലെ ആറ് വരെയാണ് യാത്ര നിരോധിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ ഉത്തരവില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.