കൊച്ചി: സജീവ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി നികേഷ് കുമാര്‍. ചാനലിന്റെ ഔദ്യോഗിക പദവികളില്‍ നിന്ന് അദേഹം ഒഴിഞ്ഞു. രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് അദേഹം ഇത്തരമൊരു തീരുമാനം എടുത്തത്.
എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയം ഉണ്ടായിരുന്നുവെന്ന് എം.വി നികേഷ് കുമാര്‍ പറഞ്ഞു. ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവര്‍ത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി താന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസം കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെന്നും എം.വി നികേഷ് കുമാര്‍ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച നികേഷ് കുമാര്‍ പിന്നീട് ഇന്ത്യാവിഷന്‍ ചാനല്‍ ആരംഭിച്ചപ്പോള്‍ 30-ാം വയസില്‍ എക്സിക്യൂട്ടീവ് എഡിറ്ററായി അവിടെ പ്രവേശിച്ചു. പിന്നീട് 2011 ലാണ് റിപ്പോര്‍ട്ടര്‍ ടിവി ആരംഭിച്ചത്.
മുന്‍ മന്ത്രിയും സിഎംപി നേതാവുമായിരുന്ന എം.വി രാഘവന്റെ മകനാണ് എം.വി നികേഷ് കുമാര്‍. സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുള്ള മാധ്യമപ്രവര്‍ത്തകനാണ് നികേഷ് കുമാര്‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയോട് രണ്ടായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.