തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിട്ടും വിപണി ഇടപെടലിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. സകല മേഖലകളിലും വില കയറിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടക എങ്കിലും ഉച്ചഭക്ഷണത്തിന് വേണ്ടി മാറ്റി വെച്ചു കൂടേയെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ റോജി എം. ജോണ്‍ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കുറവാണെന്ന് പറഞ്ഞ ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്നും സാമ്പത്തിക പ്രയാസം വിപണി ഇടപെടലിനെ ബാധിച്ചുവെന്നും വ്യക്തമാക്കി.
പൊതുവിപണിയേക്കാള്‍ ഹോര്‍ട്ടികോര്‍പ്പില്‍ വിലവര്‍ധനവുണ്ടെന്നും സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സര്‍ക്കാരിനെ ചരിത്രത്തില്‍ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.