യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം: വിധി നടപ്പാക്കാത്തതെന്ത്? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം: വിധി നടപ്പാക്കാത്തതെന്ത്? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമാണന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

വിധി നടപ്പാക്കിയാല്‍ കടുത്ത ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വിധി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം കുറ്റപ്പെടുത്തി.

വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് സാധിക്കുകയെന്നും വിധി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നാണോ പറയുന്നതെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.

വിധി നടപ്പിലാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്? സംസ്ഥാന സര്‍ക്കാരിന് വിധി നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയാണെന്ന് പറയേണ്ടി വരും. സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കാത്തതെന്ന് ഓര്‍ക്കണം. പൊലീസ് റിപ്പോര്‍ട്ട് പറയുന്നത് അതാണന്നും കോടതി വ്യക്തമാക്കി.

വലിയ ക്രമസമാധാന പ്രശ്‌നമാണെന്നും ചിലപ്പോള്‍ വെടിവെപ്പ് വരെ ആവശ്യമായി വരുമെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ജനങ്ങളില്‍ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

യാക്കോബായ സഭ പ്രതിരോധിച്ചോയെന്ന് സര്‍ക്കാരിനോട് ചോദിച്ച ഹൈക്കോടതി ഏതൊക്കെ കക്ഷികളാണ് എതിര്‍ക്കുന്നത് എന്നതിന്റെ പട്ടികയെടുക്കാന്‍ നിര്‍ദേശിച്ചു.

ഉത്തരവ് നടപ്പാക്കാന്‍ രീതികളുണ്ടെന്ന് അറിയാത്തതല്ലല്ലോയെന്നും പള്ളിക്ക് അകത്ത് കയറി ഇരിക്കുന്നവര്‍ എപ്പോഴെങ്കിലും പുറത്ത് ഇറങ്ങില്ലേയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

വരും ദിവസങ്ങളില്‍ വിധി നടപ്പാക്കാമെന്ന് എ.ജി കോടതിയില്‍ ഉറപ്പു നല്‍കി. കേസ് വീണ്ടും അടുത്ത മാസം എട്ടിന് പരിഗണിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.