നാസ: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ യാത്ര പുറപ്പെട്ട ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് വൈകുന്നു. മുമ്പ് നാസയുടെ യാത്രികയായി പലകുറി ബഹിരാകാശത്തേക്ക് കുതിക്കുകയും 342 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്‌തിട്ടുണ്ട് സുനിത വില്യംസ്.
ജൂൺ അഞ്ചിന് യാത്ര തിരിക്കുമ്പോൾ ഒരാഴ്ച തങ്ങി മടങ്ങാനായിരുന്നു പദ്ധതി. പക്ഷെ എൻജിൻ പണിമുടക്കിയതോടെ മടക്കയാത്ര 18 ലേക്ക് മാറ്റി. എൻജിനിലെ ഹീലിയം ചോർച്ച പിന്നെയും തുടർന്നപ്പോൾ അഞ്ച് ദിവസം കൂടി ഐ.എസ്.എസിൽ തങ്ങാൻ തീരുമാനിച്ചു. അതും പരാജയപ്പെട്ടു.
ജൂൺ 26 ന് മടങ്ങാനുള്ള ശ്രമവും വിഫലമായയോടെ കാര്യങ്ങൾ അൽപം ആശങ്കയിലേക്ക് വഴിമാറിയിരിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. സ്റ്റാർലൈനർ പോലൊരു പേടകത്തിന് പരമാവധി അവിടെ പിടിച്ചുനിൽക്കാനാകുക 45 ദിവസമാണ്. മറ്റ് സ്പേസ് ഏജൻസികളുടെ സഹായത്തോടെ 72 ദിവസം വരെ മുന്നോട്ടുപോകാനായേക്കും. അതിനുതന്നെ കടമ്പകൾ ഏറെയാണ്.
സ്റ്റാർലൈനറിന് സുരക്ഷിതമായി മടങ്ങാൻ പറ്റില്ലെങ്കിൽ സുനിതയേയും വിൽമോറിനെയും രക്ഷിക്കാൻ ഇലോൺ മസ്‌കിന്റെ സഹായം തേടിയേക്കും. സ്റ്റാർലൈനർ നിർമാതാവായ ബോയിങ് കമ്പനിയുടെ ബഹിരാകാശ എതിരാളിയാണ് മസ്‌കിന്റെ സ്പേസ് എക്സ് കമ്പനി. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകവും ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്‌തിട്ടുണ്ട്. അതിൽ സുനിതയ്‌ക്കും വിൽമോറിനും തിരിച്ചു വരാം.
ബഹിരാകാശത്തെ ഗുരുത്വബലം കുറഞ്ഞ സാഹചര്യത്തിൽ ജനിതക മാറ്റം സംഭവിച്ച എന്ററോബാക്ടർ ബുഗാൻഡെൻസിസ് എന്ന മാരക ബാക്ടീരിയയും ബഹിരാകാശ നിലയത്തിൽ ഭീഷണിയാകുന്നു. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഔഷധങ്ങളെ നിഷ്ഫലമാക്കുന്ന പ്രതിരോധ ശക്തി ഈ ബാക്ടീരിയയ്‌ക്കുണ്ട്. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തിന് ഇത് ഭീഷണിയാണെന്ന് റിപ്പോർട്ടുണ്ട്. സ്റ്റാർലൈനർ തിരിച്ചെത്തുമ്പോൾ ഈ ബാക്ടീരിയ ഭൂമിയിലുള്ളവർക്കും ഭീഷണി ആകുമെന്നാണ് ആശങ്ക.