വാഷിങ്ടണ്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെടുന്നുവെന്നും ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ആശങ്കപ്പെടുത്തുന്നുവെന്നും അദേഹം പറഞ്ഞു.
അന്താരാഷ്ട്ര മതസ്വാതന്ത്രത്തെ കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ റിപ്പോര്‍ട്ട് പുറത്തു വിടുന്ന വേളയിലാണ് ബ്ലിങ്കന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോകത്തെല്ലായിടത്തും മതസ്വാതന്ത്ര്യം സംരക്ഷിക്കാനായി കഠിനമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 2023 ല്‍ ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ വിദ്വേഷ പ്രസംഗങ്ങളും അതുവഴി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം ക്രിസ്ത്യാനികളും മുസ്ലീങ്ങളും അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില കേസുകള്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനായി വ്യാജമായി കെട്ടിച്ചമച്ചതാണെന്നും പറയുന്നുണ്ട്. ഇവര്‍ മതവിശ്വാസങ്ങള്‍ പിന്തുടര്‍ന്നതിന്റെ പേരിലാണ് അറസ്റ്റിലാവുന്നതെന്ന് ആരോപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട് നേരത്തെ ഇന്ത്യ തള്ളിയിരുന്നു. തെറ്റായ വിവരങ്ങളും കാര്യങ്ങളെ തെറ്റായി മനസിലാക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടാണിതെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.