സംസ്ഥാനത്ത് എച്ച്1എന്‍1, ഡെങ്കി കേസുകള്‍ കുത്തനെ കൂടുന്നു; പ്രത്യേക ആക്ഷന്‍ പ്‌ളാന്‍ നാളെ മുതല്‍

 സംസ്ഥാനത്ത് എച്ച്1എന്‍1, ഡെങ്കി കേസുകള്‍ കുത്തനെ കൂടുന്നു; പ്രത്യേക ആക്ഷന്‍ പ്‌ളാന്‍ നാളെ മുതല്‍

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. എച്ച്1എന്‍1, ഡെങ്കി ബാധിതരുടെ എണ്ണമാണ് കാര്യമായി വര്‍ധിച്ചത്. അധികൃതരുടെ കണക്കുപ്രകാരം പ്രതിദിന പനിബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേക്ക് ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

പനി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആക്ഷന്‍ പ്‌ളാന്‍ നാളെ മുതല്‍ തുടങ്ങും.

ആശങ്കപ്പെടുത്തുന്ന നിലയിലാണ് ഡെങ്കി കേസുകള്‍ ഉയരുന്നത്. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 217 എച്ച്1എന്‍1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കി, എലിപ്പനി, എച്ച്1എന്‍1 എന്നിവ ബാധിച്ച് 26 പേരാണ് ഈ മാസം മരിച്ചത്.

എച്ച്1എന്‍1 കേസുകള്‍ കഴിഞ്ഞ മാസത്തേക്കാള്‍ മൂന്നിരട്ടിയാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി ഏറെയും എറണാകുളത്താണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും ഡെങ്കി ബാധിതരുടെ എണ്ണം കാര്യമായ തോതില്‍ വര്‍ധിക്കുന്നുണ്ട്.

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത്, മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമാകാത്തത്, മലിനജലത്തിന്റെ ഉപയോഗം തുടങ്ങിയവയാണ് പനി പടര്‍ന്നുപിടിക്കാന്‍ കാരണം. ഒരാളില്‍ നിന്ന് കൂടുതല്‍പേരിലേക്ക് രോഗം പകരുന്നത് തടയുന്നതിന് ഫീല്‍ഡ് സര്‍വേ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും സ്വയം ചികിത്സ ഒരിക്കലും വേണ്ടെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.