ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനകളുടെ ചരിത്രത്തിലാദ്യമായി സഹപാഠികള്‍ അധിപന്‍മാരായി. നാവിക സേന മേധാവി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠിയും കരസേനാ മേധാവിയായി ഇന്ന് സ്ഥാനമേറ്റ ഉപേന്ദ്ര ദ്വിവേദിയും ഒരുമിച്ച് പഠിച്ചവരാണ്.
1970 കളില്‍ മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്‌കൂളിലാണ് ഇവര്‍ ഒന്നിച്ചുണ്ടായിരുന്നത്. അഞ്ചാം ക്ലാസിലായിരുന്നു ഒരുമിച്ച് പഠിച്ചത്. അഞ്ച് എ ക്ലാസില്‍ അടുത്തടുത്ത ബെഞ്ചിലിരുന്ന് പഠിച്ചവര്‍.
'ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായി നാവിക സേനാ, കരസേനാ മേധാവികള്‍ ഒരേ സ്‌കൂളില്‍ നിന്നുള്ളവരാണ്. സൈന്യത്തിന് നേതൃത്വം നല്‍കുന്ന രണ്ട് പ്രഗത്ഭരായ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാനുള്ള അപൂര്‍വ ബഹുമതി മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്‌കൂളിന് ലഭിച്ചു'- പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വക്താവ് എ. ഭരത് ഭൂഷണ്‍ ബാബു എക്‌സില്‍ കുറിച്ചു.
സ്‌കൂള്‍ പഠന കാലത്ത് ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇന്ത്യയുടെ രണ്ട് വ്യത്യസ്ത സേനകളുടെ തലപ്പത്തുള്ള ഇരുവരും ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നു.
കഴിഞ്ഞ മെയ് ഒന്നിനാണ് നാവിക സേനയുടെ അഡ്മിറല്‍ ജനറല്‍ സ്ഥാനത്ത് ദിനേശ് ത്രിപാഠി നിയമിതനായത്. ഉപേന്ദ്ര ദ്വിവേദി കര സേനയുടെ ഉപമേധാവിയായിരുന്നു. ജനറല്‍ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂര്‍ത്തിയായതോടെയാണ് കരസേന മേധാവിയായി ദ്വിവേദി ചുമതലയേറ്റത്. കര സേനയുടെ മുപ്പതാമത്തെ മേധാവിയാണ് അദേഹം.