ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള രാഷ്ട്രീയ തന്ത്രം അപലപനീയം: കെസിബിസി ഐക്യ-ജാഗ്രത കമ്മീഷന്‍

ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള രാഷ്ട്രീയ തന്ത്രം അപലപനീയം: കെസിബിസി ഐക്യ-ജാഗ്രത കമ്മീഷന്‍

കൊച്ചി: കേരളത്തില്‍ ചുവടുറപ്പിക്കുന്നതിനായി ക്രൈസ്തവ സമൂഹത്തിനിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഭിന്നിപ്പുണ്ടാക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെ നീക്കങ്ങള്‍ അപലപനീയമാണന്ന് കെസിബിസി ഐക്യ-ജാഗ്രത കമ്മീഷന്‍.

അത്തരം തന്ത്രങ്ങളുടെ ഭാഗമായി സഭാ നേതൃത്വവും വിശ്വാസികളും രണ്ട് തട്ടിലാണെന്ന പ്രചാരണങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ചിലര്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്   കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇതിന് ഉദാഹരണമാണ്.

'മത മേലധ്യക്ഷന്മാരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ് വിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്തു' എന്നാണ് കെ. സുരേന്ദ്രന്‍ അവകാശപ്പെട്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്‍ കേന്ദ്ര മന്ത്രിമാരില്‍ ചിലര്‍ സഹായിച്ചിട്ടും സഭാ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് എതിര്‍ പ്രചാരണങ്ങളാണ് ഉണ്ടായതെന്ന ആരോപണവും അദേഹം ഉന്നയിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ജനാധിപത്യ രാജ്യത്ത് കേന്ദ്ര ഭരണ കൂടത്തിന്റെ ഭാഗമായ മന്ത്രിമാര്‍ അവരുടെ കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയമായ കാര്യലാഭമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു എന്ന ധ്വനി സുരേന്ദ്രന്റെ വാക്കുകളിലുണ്ട്.

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ജനപ്രതിനിധികളും ഭരണ സേവകരും പ്രവര്‍ത്തിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനങ്ങളുടെ സാമാന്യവും സവിശേഷവുമായ അവകാശങ്ങളില്‍ നിയമാനുസൃതമായ ഭരണകൂട ഇടപെടലുകള്‍ ഗൂഢ ലക്ഷ്യങ്ങളോടുകൂടിയുള്ളവയായിരുന്നു എന്നു വരുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ കാപട്യത്തെ തുറന്നു കാണിക്കുന്നു.

തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളെ എല്ലായ്‌പ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന അദേഹത്തിന്റെ ആഹ്വാനവും ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഭൂഷണമല്ല. ഏവര്‍ക്കും തുല്യ അവകാശവും തുല്യ നീതിയുമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്.

ക്രൈസ്തവ വിശ്വാസികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യമായ ആഹ്വാനം അനാരോഗ്യകരവും തിരുത്തപ്പെടേണ്ടതുമാണ്. ഇവിടെ ക്രൈസ്തവര്‍ക്ക് ആവശ്യം നിയമാനുസൃതവും നീതിനിഷ്ഠവും തുല്യവുമായ പരിഗണനയാണ്.

അനര്‍ഹമോ നിയമ വിരുദ്ധമോ വഴിവിട്ടുള്ളതോ ആയ ഒരു സഹായവും മതത്തിന്റെ പേരിലോ വര്‍ഗത്തിന്റെ പേരിലോ ഉണ്ടാകാതിരിക്കുകയാണ് ഇന്ത്യ എന്ന മതേതര രാജ്യത്തിന് ആവശ്യം. ഉത്തരവാദിത്തമുള്ള ഭരണ കൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അധികാര സ്ഥാനത്തുള്ളവരും അതാണ് ഉറപ്പു വരുത്തേണ്ടത്. തെറ്റിദ്ധാരണാ ജനകവും അപക്വവുമായ ഇത്തരം പൊള്ളയായ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കപ്പെടേണ്ടതാണന്നും ഐക്യ-ജാഗ്രത കമ്മീഷന്‍ അഭിപ്രായപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.