'എന്നെക്കാള്‍ വോട്ട് കുറവുള്ളവര്‍ വിജയികളായി'; എഎംഎംഎയുടെ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് രമേഷ് പിഷാരടി

'എന്നെക്കാള്‍ വോട്ട് കുറവുള്ളവര്‍ വിജയികളായി'; എഎംഎംഎയുടെ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് വ്യക്തമാക്കി രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു.

ജനാധിപത്യ വ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ത്ഥി വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്നും കത്തില്‍ പറയുന്നു.

'ഞാന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു'എന്നും രമേഷ് പിഷാരടി കത്തില്‍ പറയുന്നു.

വനിതകള്‍ക്ക് വേണ്ടി നാല് സീറ്റുകള്‍ നീക്കിവയ്ക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയില്‍ എല്ലാ കാര്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നെന്ന ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന് വാക്ക് പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്ത്രീ സംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതി ചെയ്യണമെന്നും നടന്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.