കീവ്: ഉക്രെയ്നിലെ കത്തോലിക്കർക്ക് നേർ അടിച്ചമർത്തൽ തുടരുന്നതിനിടെ റഷ്യൻ നാഷ്ണൽ ഗാർഡ് പിടികൂടി തടങ്കലിലാക്കിയ രണ്ട് ഉക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ വൈദികരെ മോചിപ്പിച്ചതായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. കോൺഗ്രിഗേഷൻ ഓഫ് ദി മോസ്റ്റ് ഹോളി റിഡീമർ സന്യാസ സമൂഹാംഗങ്ങളായ ഫാ. ഇവാൻ ലെവിറ്റ്‌സ്‌കി, ഫാ. ബോഹ്‌ദാൻ ഗെലെറ്റ എന്നിവരെയാണ് മോചിപ്പിച്ചത്.
ഇടവക കെട്ടിടത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉക്രേനിയൻ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശം വച്ചതായിട്ടാണ് ആരോപിക്കപ്പെട്ടാണ് റഷ്യൻ സൈന്യം ഈ വൈദികരെ ബന്ദികളാക്കിയത്. എ. സി. എൻ. ഇൻ്റർനാഷണലിന്റെ പ്രസ് ഓഫീസർ മരിയ ലൊസാനോ പുറത്തുവിട്ട റിലീസിനെക്കുറിച്ചുള്ള വിവരങ്ങൾ ഉക്രേനിയൻ ഗ്രീക്ക് കാത്തലിക് ചർച്ചിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.
2022 നവംബർ 16ന് റഷ്യക്കാർ കൈവശപ്പെടുത്തിയ പ്രദേശമായ ബെർഡിയാൻസ്കിൽ വച്ചാണ് ഈ രണ്ടു പുരോഹിതരും അറസ്റ്റ് ചെയ്യപ്പെട്ടത്. യുദ്ധം ആരംഭിച്ചെങ്കിലും ദുരിതമനുഭവിക്കുന്ന ആളുകൾക്ക് പ്രത്യാശ നൽകാൻ റോമൻ കത്തോലിക്കരുടെയും ഗ്രീക്ക് കത്തോലിക്കരുടെയും സമൂഹങ്ങളെ സേവിക്കുന്നതിനായിട്ടാണ് ഇരുവരും യുദ്ധ മേഖലയിൽ തുടർന്നത്.
രാജ്യത്തെ സംഘർഷം അവസാനിപ്പിക്കാൻ വിവിധ സമാധാന ദൗത്യങ്ങൾ നടത്തിയ ഫ്രാൻസിസ് പാപ്പയ്ക്കും ഇറ്റാലിയൻ കർദിനാൾ മാറ്റിയോ സുപ്പിയ്ക്കും വൈദികർക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ശ്രമങ്ങൾക്ക് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസിനും ഉക്രെയ്ൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് നന്ദിയർപ്പിച്ചു.