പരീക്ഷണത്തിനിടെ അബദ്ധത്തില്‍ ചൈനീസ് റോക്കറ്റ് പറന്നുയര്‍ന്നു; തീഗോളമായി റോക്കറ്റ്: വീഡിയോ

പരീക്ഷണത്തിനിടെ അബദ്ധത്തില്‍ ചൈനീസ് റോക്കറ്റ് പറന്നുയര്‍ന്നു; തീഗോളമായി റോക്കറ്റ്: വീഡിയോ

ബീജിങ്: ചൈനയില്‍ പരീക്ഷണത്തിനിടെ അബദ്ധത്തില്‍ ഉയര്‍ന്നു പൊങ്ങിയ ചൈനീസ് ബഹിരാകാശ റോക്കറ്റ് തകര്‍ന്നുവീണു. സ്വകാര്യ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിയാന്‍ലോങ്-3 എന്ന റോക്കറ്റാണ് കുന്നിന്‍ ചെരുവില്‍ പതിച്ച് തീഗോളമായി മാറിയത്.

മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലായിരുന്നു സംഭവം. റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെയും ഉടനെ പൊട്ടിത്തെറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിക്ഷേപണത്തറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി കുന്നിന്‍ ചെരുവിലേക്കാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീണത്. നടുക്കുന്ന സ്‌ഫോടന ശബ്ദത്തോടെയാണ് റോക്കറ്റ് തകര്‍ന്നുവീണത്.

സ്‌പേസ് പയനിയര്‍ എന്നറിയപ്പെടുന്ന ചൈനീസ് കമ്പനിയായ ബീജിങ് ടിയാന്‍ബിങ് ടെക്നോളജി കമ്പനിയുടെ റോക്കറ്റാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്. റോക്കറ്റും വിക്ഷേപണത്തറയും തമ്മിലുള്ള ബന്ധത്തിലെ സാങ്കേതിക തകരാര്‍ മൂലമാണ് റോക്കറ്റ് അപ്രതീക്ഷിതമായി കുതിച്ചുയര്‍ന്നത്. പിന്നാലെ ശേഷി നഷ്ടപ്പെട്ട റോക്കറ്റ് വനപ്രദേശത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ റോക്കറ്റ് തീഗോളമായി മാറി പൊട്ടിത്തെറിച്ചു. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്വകാര്യ മേഖലയിലെ റോക്കറ്റ് നിര്‍മ്മാതാക്കളാണ് സ്‌പേസ് പയനിയര്‍. കമ്പനിയുടെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകളാണ് ടിയാന്‍ലോങ്-3, സ്‌കൈ ഡ്രാഗണ്‍ 3 എന്നിവ. വിക്ഷേപണത്തിന് ശേഷം റോക്കറ്റ് അവശിഷ്ടങ്ങള്‍ താഴേക്ക് വീഴുന്നത് ചൈനയില്‍ അപൂര്‍വമല്ല. എന്നാല്‍ പരീക്ഷണത്തിനിടയ്ക്ക് റോക്കറ്റ് അബദ്ധത്തില്‍ പറന്നുയരുന്നതും തകര്‍ന്നുവീഴുന്നതും അപൂര്‍വമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.