ആശുപത്രി ജനറേറ്ററിലെ പുക പടര്‍ന്നു; ശാരീരിക അസ്വാസ്ഥ്യമുണ്ടായ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ 38 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആശുപത്രി ജനറേറ്ററിലെ പുക പടര്‍ന്നു; ശാരീരിക അസ്വാസ്ഥ്യമുണ്ടായ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ 38 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം. കാഞ്ഞങ്ങാട് പുതിയകോട്ട ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ശാരിക അസ്വസ്ഥതയും ശ്വാസ തടസവും അനുഭവപ്പെട്ടത്. 38 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച 38 പേരില്‍ 20 കുട്ടികളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ബാക്കിയുള്ള 18 പേരില്‍ അഞ്ച് പേര്‍ ജില്ലാ ആശുപത്രിയിലും 13 പേര്‍ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരുടെ ഓക്സിജന്‍ അളവില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല.

ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. 6,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രശ്‌നമുണ്ടായതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററില്‍ നിന്നാണ് പുക ഉയര്‍ന്നത്. കറണ്ട് പോയപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതോടെ പുക ഉയരുകയായിരുന്നു.

ആശുപത്രിയുടെ തൊട്ട് പിന്നിലായുള്ള ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലേക്കും പുക പടര്‍ന്നു. ഇതോടെ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് കുട്ടികളെ ജില്ലാ ആശുപത്രിയിലും അമ്മയും കുഞ്ഞും ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ പുക കുഴലില്ലാത്തതാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പരിസര പ്രദേശങ്ങളിലേക്ക് പുക പടരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.