അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത്; അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു

അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത്; അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു

കൊച്ചി: അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രത്യേക സമിതി കേസ് പരിശോധിച്ച് അനുമതി നല്‍കുകയും ഡല്‍ഹിയിലെ ആസ്ഥാനത്ത് നിന്ന് നിര്‍ദേശം ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തത്. എന്‍.ഐ.എ അന്വേഷിക്കാന്‍ മാത്രം ഗൗരവമുള്ളതാണോ കേസെന്ന പരിശോധന അടക്കം നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്‍.ഐ.എ തന്നെ അന്വേഷിക്കണമെന്നായിരുന്നു വിലയിരുത്തല്‍.

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അവയവക്കച്ചവട മാഫിയയുടെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദ്, തൃശൂര്‍ സ്വദേശി സാബിത് നാസര്‍, ഒന്നാംപ്രതി ഇറാനിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിന്റെ സുഹൃത്ത് കൊച്ചി സ്വദേശി സജിത് ശ്യാം എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

മധുവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. വൃക്ക നല്‍കാന്‍ സന്നദ്ധതയുള്ളവരെ കണ്ടെത്തി ഇറാനിലും തിരികെ നാട്ടിലും എത്തിച്ചിരുന്നത് സാബിത്താണ്. ഇതിനാവശ്യമായ വ്യാജരേഖകള്‍ തയാറാക്കിയിരുന്നതും ഇയാളാണ്. ദാതാക്കള്‍ക്ക് ആറോ ഏഴോ ലക്ഷം മാത്രം പ്രതിഫലമായി നല്‍കിയിരുന്ന സംഘം വൃക്ക സ്വീകരിക്കുന്നവരില്‍നിന്ന് ഒരകോടി രൂപ വരെയാണ് ഈടാക്കിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.